ആലപ്പുഴ: വ്യക്തിത്വങ്ങളുടെ ഉദയത്തിനു ഉപകരിക്കുന്ന ഒരു വലിയ പ്രസ്ഥാനമാണ് പുന്നപ്ര ദനഹാലയയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പുന്നപ്ര ദനഹാലയയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിത്വങ്ങളുടെ മാത്രമല്ല അതുവഴി സമൂഹത്തിന്റെയും ഉദയത്തിന് ദനഹാലയ കാരണമാകുന്നു. ദനഹാലയ സഭയ്ക്കും സമൂഹത്തിനും നൽകുന്ന സംഭാവനകൾ വളരെ വിലപ്പെട്ടതാണ്.
ഒരുപാട് വേദനകളും പ്രതിസന്ധികളും തരണം ചെയ്താണ് ഈ സ്ഥാപനം ഇന്നു കാണുന്ന നിലയിലേക്കു വളർന്നത്. ഇതിന്റെ ഉദയം മുതൽ സ്ഥാപനത്തോടു ചേർന്നുനിന്നു പ്രവർത്തിക്കാൻ കഴിഞ്ഞതു വലിയ അനുഗ്രഹമായി കാണുന്നു. കലാലയരംഗത്തും സഭയുടെ അക്കാദമിക് തലങ്ങളിലും ഇനിയും വലിയ സംഭാവനകൾ നൽകാൻ ദനഹാലയത്തിന്നു കഴിയട്ടേയെന്നും ബിഷപ് പറഞ്ഞു. ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ദനഹാലയയുടെ സേവനം സമൂഹത്തിനു വലിയ മുതൽക്കൂട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴ രൂപതാ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ഫോർമേഷൻ ആൻഡ് സൈക്കോളജി എന്ന പുസ്തകത്തിന്റെ പ്രകാശനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനു നൽകി നിർവഹിച്ചു.
ദനഹാലയ ഡയറക്ടർ ഫാ. ജോണ് പതാലിൽ, എഫ്സിസി കോണ്ഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, എഎസ്എംഐ സുപ്പീരിയർ ജനറൽ സിസ്റ്റർ മേഴ്സി, എംസിബിഎസ് കോട്ടയം പ്രൊവിൻഷ്യാൾ ഫാ. ഡൊമിനിക് മുണ്ടാട്ട്, സിസ്റ്റർ ഫിലോ എസ്ഡിപി, ഫാ. വർഗീസ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ദനഹാലയ വ്യക്തിത്വങ്ങളുടെ ഉദയത്തിന് ഉപകരിക്കുന്ന പ്രസ്ഥാനം: മാർ ആലഞ്ചേരി
12:32 AM Nov 17, 2017 | Deepika.com