തൃശൂർ: പ്രമുഖ പരിസ്ഥിതി പ്രവർത്തകയും ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗവുമായ ഡോ.എ. ലത (51) അന്തരിച്ചു. ഒല്ലൂരിലെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. രണ്ടുവർഷമായി കാൻസർ രോഗബാധിതയായ ലത സമീപകാലംവരെ പരിസ്ഥിതിപ്രവർത്തനരംഗത്തു സജീവമായിരുന്നു. ഒല്ലൂർ എടക്കുന്നി വാരിയം കാർത്തികയിൽ എൻജിനിയറും പരിസ്ഥിതിപ്രവർത്തകനുമായ എസ്. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. മക്കളില്ല. സംസ്കാരം നടത്തി.
റിവർ റിസർച്ച് സെന്റർ ഡയറക്ടറായ ഡോ. ലത കൃഷി ഓഫീസറായിരിക്കേ ജോലി രാജിവച്ച് മുഴുവൻസമയ പരിസ്ഥിതി പ്രവർത്തനത്തിലേക്കു മാറുകയായിരുന്നു. 30 വർഷമായി ഈ രംഗത്തു പഠനഗവേഷണത്തിലും, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും വ്യാപൃതയായിരുന്നു. അതിരപ്പിള്ളി പദ്ധതിക്കെതിരേ ചാലക്കുടി പുഴ സംരക്ഷണസമിതി രൂപീകരിച്ചുള്ള പ്രവർത്തനങ്ങളിൽ മുൻനിര പ്രവർത്തകയായിരുന്നു. ചാലക്കുടിപ്പുഴയെ സംരക്ഷിക്കുന്നതിനുള്ള സമരങ്ങൾക്കു നേതൃത്വം നൽകിയതിനൊപ്പം അതിരപ്പിള്ളി, പാത്രക്കടവ് ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതിക്ക് ഉണ്ടാക്കാവുന്ന ദോഷങ്ങളെക്കുറിച്ച് ബോധവത്കരണത്തിനും നിരന്തരം പ്രയത്നിച്ചു. മുല്ലപ്പെരിയാർ സംബന്ധിച്ച് പഠനങ്ങളും തയാറാക്കിയിട്ടുണ്ട്.
പുഴകളുടെ പാരിസ്ഥിതികവും നീരൊഴുക്കു സംബന്ധിയുമായ ആഴത്തിലുള്ള പഠനം നടത്തി നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലവിനിയോഗവും പുഴയുടെ പുനരുജ്ജീവനവും സംബന്ധിച്ച് ഫലവത്തായ പഠനം ലത നടത്തിയിട്ടുണ്ട്. രാജ്യത്തിനു പുറത്ത് ഓസ്ട്രേലിയ, മെക്സിക്കോ, തായ്ലൻഡ്, നെതർലാൻഡ്സ്, മലേഷ്യ തുടങ്ങി രാജ്യങ്ങളിലും ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡൽഹിയിലെ നദീജലത്തിനുവേണ്ടിയുള്ള ദേശീയ നെറ്റ്വർക്കിന്റെ സജീവ പ്രവർത്തകയുമാണ്. കേരള എക്സ്പീരിയൻസ് ഇൻ ഇന്റർലിങ്കിംഗ് ഓഫ് റിവേഴ്സ്, ട്രാജഡി ഓഫ് കോമണ്സ്, ഡൈയിംഗ് റിവേഴ്സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകർത്താക്കളിലൊരാളാണ് ഡോ. ലത. പരിസ്ഥിതി സംബന്ധിച്ച ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
2014ലെ റിവർ വീക്കിന്റെ ഭഗീരഥ പ്രയാസ് സമ്മാൻ, കെ.ആർ. കാർത്യായനി ടീച്ചർ മെമ്മോറിയൽ അവാർഡ്, ജെയ്ജി പീറ്റർ ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പരേതരായ അനന്ത് കമ്മത്തിന്റേയും നേവിയിൽ ശാസ്ത്രജ്ഞയായിരുന്ന വരദാഭായിയുടെയും മകളാണ് ലത.
പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ.എ. ലത അന്തരിച്ചു
12:19 AM Nov 17, 2017 | Deepika.com