തൊടുപുഴ: ബാഹുബലി സിനിമയിലെ രംഗം അനുകരിച്ച് ആനപ്പുറത്തു കയറാൻ ശ്രമിച്ച യുവാവിനെ ആന കുടഞ്ഞെറിഞ്ഞു. ഞായറാഴ്ച വൈകുന്നേരം കരിമണ്ണൂരിനു സമീപം കുരുന്പുപാടത്താണു സംഭവം.
പെരിങ്ങാശേരി സ്വദേശിയായ യുവാവും സുഹൃത്തുക്കളുമൊ ത്ത് അവധി ആഘോഷിക്കുന്നതിനിടെയാണ് ആനപ്പുറത്ത് കയറാൻ മോഹമുദിച്ചത്. പുരയിടത്തിൽ തളച്ചിരുന്ന പാർഥൻ എന്ന ആനയുടെ സമീപത്തു പാപ്പാന്മാർ ആരുമില്ലായിരുന്നു. പനംപട്ട തിന്നുകയായിരുന്ന ആനയ്ക്ക് പഴവുമായാണ് യുവാവ് എത്തിയത്. ഫേസ്ബുക്കിൽ ലൈവ് വീഡിയോ സംപ്രേഷണം ചെയ്യാൻ സുഹൃത്തിനെ മൊബൈൽ ഫോണ് ഏൽപ്പിക്കുകയും ചെയ്തു. ആനയുടെ അടുത്തെത്തിയ യുവാവ് തൊട്ടും തലോടിയും ചിരിച്ചും ആനയ്ക്കു പഴം നൽകി. പഴം കഴിച്ച ആനയെ നോക്കിയ യുവാവിനു ബാഹുബലി സിനിമയിലെ നായകൻ പ്രഭാസ് ആനയുടെ തുന്പിക്കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ട് നില്ക്കുന്ന രംഗമായിരുന്നു മനസിൽ തെളിഞ്ഞത്. ശാന്തസ്വഭാവിയായ ആന ആദ്യമൊക്ക യുവാവിന്റെ കോപ്രായങ്ങൾ സഹിച്ചുനിന്നു. ആന നിസംഗനായി നില്ക്കുന്നതുകണ്ട് ആവേശം മൂത്ത യുവാവ് തുന്പിക്കൈയിൽ മൂന്നു തവണ ഉമ്മ കൊടുത്തു. ഇതൊക്കെ ഫേസ്ബുക്കിൽ വരുന്നുണ്ടല്ലോ ല്ലേ... എന്നു ചോദിച്ചു.
തുന്പിക്കൈയിൽ ചവിട്ടി കയറാൻ തുടങ്ങിയപ്പോൾ ആനയുടെ ഭാവം മാറി. യുവാവിനെ ആന കുടഞ്ഞെറിഞ്ഞു. അടുത്തുള്ള മരത്തിൽ ഇടിച്ച് തല കുത്തി വീണു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സുഹൃത്ത് അലറിവിളിച്ചെങ്കിലും യുവാവ് വീഴുന്നതു വരെയുള്ള രംഗങ്ങളൊന്നും വിട്ടുകളഞ്ഞതുമില്ല. കഴുത്തിനു പരക്കേറ്റ യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു യുവാവിന്റെ സാഹസിക രംഗങ്ങൾ ബാഹുബലിയുടെ ട്രെയ്ലറിനേക്കാൾ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവ് അപകടനില തരണം ചെയ്തെന്നാണ് അവസാനം ലഭിച്ച വിവരം.
"ബാഹുബലി'യിലെ രംഗം അനുകരിച്ച യുവാവിനെ ആന എടുത്തെറിഞ്ഞു
01:03 AM Nov 14, 2017 | Deepika.com