തിരുവനന്തപുരം: രാജ്യത്തിനു മാതൃകയായി കേരളത്തിൽ ഇനി ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ഫോർട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂർ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂർ ടൗണ്‍ തുടങ്ങിയ ആറ് പോലീസ് സ്റ്റേഷനുകളാണ് പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വൈകുന്നേരം നാലിന് നിർവഹിക്കും.
കുട്ടികൾ വാത്സല്യത്തിന്റെയും പരിചരണത്തിന്റെയും സംരക്ഷണത്തിന്റേതുമായ അന്തരീക്ഷത്തിൽ വളരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കേരള പോലീസ് വിഭാവനം ചെയ്തിട്ടുള്ള നൂതന പദ്ധതിയാണ് ചിൽഡ്രൻ ആൻഡ് പോലീസ്.
കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട മുഴുവൻ സർക്കാർ, സർക്കാരിതര ഏജൻസികളുടെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഓരോ ശിശുസൗഹൃദ സ്റ്റേഷന്റെയും പ്രവർത്തനം.ജുവനൈൽ ജസ്റ്റീസ് ആക്ട്, പോക്സോ ആക്ട് തുടങ്ങിയ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പിക്കുന്നതിനുള്ള മുഴുവൻ നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന് സ്റ്റേഷനുകളിൽ പ്രത്യേകം നടപടി സ്വീകരിക്കും. കുട്ടികൾക്കു നേരേ നടക്കുന്ന മുഴുവൻ കുറ്റകൃത്യങ്ങളും എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യുന്നതിനും മാതൃകാപരമായ നടപടികൾ ദ്രുതഗതിയിൽ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഇത്തരത്തിൽ സമഗ്ര കാഴ്ചപ്പാടോടെയുള്ള ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ രാജ്യത്ത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ അടക്കമുള്ള പ്രവർത്തനങ്ങളുടെ സ്റ്റേറ്റ് നോഡൽ ഓഫീസർ കൊച്ചിൻ റേഞ്ച് ഐജി പി. വിജയൻ ആണ്.
ഇനി ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളും
12:29 AM Nov 14, 2017 | Deepika.com