കണ്ണൂർ: ബിഡിജെഎസ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കാമെന്ന സൂചന നൽകി പാർട്ടി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് ബിജെപിയുടെ വാലോ ചൂലോ അല്ലെന്നും അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആ ചിന്താഗതി മാറ്റുന്നതാണു നല്ലതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവൻഷൻ ചേംബർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് രൂപീകരിച്ചത് ആത്മഹത്യ ചെയ്യാനല്ല. ഭരണം കൈയാളാൻവേണ്ടി തന്നെയാണ്. എല്ലാക്കാലത്തും ഏതെങ്കിലും മുന്നണിയിൽ നിന്നോളാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല. അവഗണന നേരിട്ട് ഒരു മുന്നണിയിലും തുടരുകയില്ല. ഇപ്പോൾ എൽഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വീകരിക്കാൻ തയാറായിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് ഭരണപങ്കാളിത്തമുള്ള സർക്കാരായിരിക്കും കേരളം ഭരിക്കുകയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് ബിജെപിയുടെ വാലോ ചൂലോ അല്ല: തുഷാർ
12:47 AM Nov 12, 2017 | Deepika.com