തിരുവനന്തപുരം: ഇരുപതാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് മണക്കാട് ഗവ. ഗേൾസ് എച്ച്എസ്എസിൽ കൊടിയിറങ്ങിയപ്പോൾ എറണാകുളം സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡഫ് കലാകിരീടം ചൂടി. 98 പോയിന്റ് നേടിയാണ് സെന്റ് ക്ലെയർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 96 പോയിന്റുകൾ നേടിയ കോട്ടയം നീർപ്പാറ അസീസി എച്ച്എസ്എസ് ഫോർ ദ ഡഫ് രണ്ടാം സ്ഥാനത്തും 94 പോയിന്റുകൾ നേടിയ ചെർക്കള മാർത്തോമ എച്ച്എസ്എസ് ഫോർ ദ ഡഫ് മൂന്നാം സ്ഥാനത്തുമാണ്.
അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കേൾവിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മത്സരത്തിലും എറണാകുളം സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ദ ഡഫ് ഒന്നാം സ്ഥാനം നേടി. 10 എ ഗ്രേഡോടെ 50 പോയിന്റാണ് സെന്റ് ക്ലെയർ നേടിയത്.
48 പോയിന്റുകൾ നേടിയ കാസർഗോഡ് ചെർക്കള മാർത്തോമ എച്ച്എസ്എസ് ഫോർ ദ ഡഫ് രണ്ടാം സ്ഥാനത്താണ്. ഒൻപത് എ ഗ്രേഡാണ് ചെർക്കള സ്കൂൾ നേടിയത്. 46 പോയിന്റുകൾ വീതം നേടിയ എറണാകുളം ഫാ.അഗസ്റ്റിനോ വിസിനീസ് സ്പെഷൽ സ്കൂൾ, കോട്ടയം നീർപ്പാറ അസീസി, പാലക്കാട് വെസ്റ്റ് യാക്കര ശ്രവണ സംസാര എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കേൾവി പരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിഭാഗത്തിലെ മത്സരങ്ങളിൽ കോട്ടയം മണ്ണയ്ക്കനാട് ഒഎൽസി ഡെഫ് സ്കൂൾ ഏഴ് എ ഗ്രേഡോടെ 44 പോയിന്റ് നേടിയിട്ടുണ്ട്.
അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കേൾവിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മത്സരത്തിൽ ജില്ലാതലത്തിൽ ഏറ്റവുമധികം പോയിന്റുകൾ നേടിയിട്ടുള്ളത് കാസർഗോഡ് ജില്ലയാണ്. 12 എ ഗ്രേഡോടെ 63 പോയിന്റുകളാണ് കാസർഗോഡ് നേടിയത്. എറണാകുളം, മലപ്പുറം ജില്ലകൾ 60 പോയിന്റു വീതം നേടിയപ്പോൾ കോട്ടയം ജില്ല 59 പോയിന്റുകൾ നേടി. പത്തനംതിട്ട ജില്ല 53 പോയിന്റാണ് നേടിയിട്ടുള്ളത്.
എച്ച്എസ്എസ് വിഎച്ച്എസ്എസ് ക്ലാസുകളിൽ പഠിക്കുന്ന കേഴ്വിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മത്സരത്തിൽ കോട്ടയം നീർപ്പാറ അസീസി മൗണ്ട് എച്ച്എസ്എസ് ഫോർ ദ ഡഫ് 50 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി.
48 പോയിന്റ് നേടിയ തിരുവല്ല സിഎസ്ഐ വിഎച്ച്എസ്എസ് ഫോർ ദ ഡഫ് രണ്ടാം സ്ഥാനത്താണ്. ജില്ലാതലത്തിൽ പത്തനംതിട്ട ജില്ല 63 പോയിന്റ് നേടി ഒന്നാം സ്ഥാനവും 55 പോയിന്റ് നേടി കോട്ടയം ജില്ല രണ്ടാം സ്ഥാനവും അലങ്കരിച്ചു.
കാഴ്ചപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ യുപി വിഭാഗം മത്സരത്തിൽ 40 പോയിന്റുകൾ വീതം നേടി നീർപ്പാറ അസീസി സ്കൂൾ ഫോർ ദ ഡഫും ആലുവ സ്കൂൾ ഫോർ ദ ബ്ലൈൻഡും ഒന്നാം സ്ഥാനം നേടി. കൊളത്തറ എച്ച്എസ്എസ് ഫോർ ദ ഹാൻഡികാപ്ഡ്, കോട്ടയം ഗവ. സ്കൂൾ ഫോർ ദ ബ്ലൈൻഡ്, പാലക്കാട് എച്ച്കെസിഎംഎം ബ്ലൈൻഡ് എന്നീ സ്കൂളുകൾ 38 പോയിന്റുകൾ വീതം നേടി മൂന്നാം സ്ഥാനത്താണ്.
കാഴ്ചപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ 40 പോയിന്റ് നേടിയ കോട്ടയം ഒളശ ഗവ. സ്കൂൾ ഫോർ ദ ബ്ലൈൻഡ് ഒന്നാം സ്ഥാനവും 38 പോയിന്റുകൾ വീതം നേടിയ എറണാകുളം കുട്ടമശേരി ഗവ. എച്ച്എസ്, കോട്ടയം എഎംഎച്ച്എസ്എസ് എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും നേടി. ജില്ലാതലത്തിൽ തിരുവനന്തപുരം 55 പോയിന്റും കോട്ടയം 48 പോയിന്റുമാണ് നേടിയത്.
കാഴ്ചപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിൽ 38 പോയിന്റുകൾ വീതം നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്എസ്എസ്, തിരുവനന്തപുരം കോട്ടണ്ഹിൽ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം നേടിയപ്പോൾ 34 പോയിന്റ് നേടിയ കൊളത്തറ എച്ച്എസ്എസ് ഫോർ ദ ഹാൻഡി ക്യാപ്ഡ് രണ്ടാം സ്ഥാനം നേടി.
സ്പെഷൽ സ്കൂൾ കലോത്സവം: കലാകിരീടം എറണാകുളം സെന്റ് ക്ലെയർ സ്കൂൾ ഫോർ ദ ഡഫിന്
12:23 AM Nov 12, 2017 | Deepika.com