കോട്ടയം: പുതുപ്പള്ളിയിലെ വിധിയെഴുത്തിന് പിന്നാലെ കേരളത്തിൽ ചർച്ചയായി മറ്റൊരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സാധ്യതകൾ.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത്, ക്രിസ്ത്യൻ സമുദായാംഗമായ സിപിഎമ്മിലെഎ. രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി. കുമാറിന്റെ ഹർജിയിന്മേൽ സുപ്രീം കോടതിയിൽ വാദം തുടരുകയാണ്.
കേസിൽ രാജയ്ക്കെതിരായി വിധി വന്നാൽ, അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനം അസാധുവാക്കി മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. രാജയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ മാർച്ച് 20-ലെ വിധി താൽക്കാലികമായി സ്റ്റേ ചെയ്താണ് കേസിൽ ഇടക്കാലവാദം നടക്കുന്നത്.
കേരള ചരിത്രത്തിലെ ആദ്യ നിയമസഭാ ഉപതെരഞ്ഞടുപ്പ് നടന്ന മണ്ഡലമാണ് ദേവികുളം. 1957-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിലെ ജേതാവായ സിപിഐ നേതാവ് റോസമ്മ പുന്നൂസിന്റെ വിജയം കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. ഐക്യകേരളത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ എംഎൽഎ ആയ റോസമ്മ പുന്നൂസ് തന്നെയായിരുന്നു സംസ്ഥാന നിയമസഭയുടെ ആദ്യ പ്രോ ടേം സ്പീക്കർ.
റോസമ്മ പുന്നൂസിന്റെ എംഎൽഎ സ്ഥാനം കോടതി അസാധുവാക്കിയതോടെ കോൺഗ്രസിന്റെ എൻ. ഗണപതി എംഎൽഎ ആയെങ്കിലും അനുകൂല കോടതി വിധിയിലൂടെ റോസമ്മ എംഎൽഎ സ്ഥാനം തിരിച്ചുപിടിച്ചു.
കേരളം എക്കാലവും ഓർത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ചരിത്രമുറങ്ങുന്ന മണ്ഡലത്തിൽ വീണ്ടും അത്തരമൊരു പോരാട്ടം നടക്കുമോ എന്നറിയാൻ കോടതി വിധിക്കായി കാത്തിരിക്കണം.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാനമായ രജിസ്റ്ററുകൾ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് ഡി. കുമാർ ആരോപിച്ചു.
രാജയുടേതെന്ന് ആരോപിക്കപ്പെടുന്ന മാമോദിസ രജിസ്റ്റർ, മാതാപിതാക്കളുടെ സംസ്കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാൻ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതായി സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയ ഓഫീസ് ഓർഡറിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ മൂന്ന് സുപ്രധാനമായ രേഖകളില്ലെന്ന് കുമാർ ആരോപിക്കുന്നത്.
എന്നാൽ, താൻ ക്രിസ്തു മതത്തിലേക്ക് മാറിയിട്ടില്ലെന്നും ഇപ്പോഴും ഹിന്ദു പറയ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്നുമാണ് രാജ അവകാശപ്പെടുന്നത്. താൻ ക്രിസ്ത്യൻ മതവിഭാഗക്കാരനാണെന്ന് തെളിയിക്കാനുള്ള രേഖകൾ ഒന്നും ഹർജിക്കാർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും രാജ കോടതിയെ അറിയിച്ചിട്ടുണ്ട്.
കോടതി വിധി കാത്ത് കേരളം; വരുമോ മറ്റൊരു ഉപതെരഞ്ഞെടുപ്പ്?
07:22 PM Sep 08, 2023 | Deepika.com