മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ അണലി!

03:56 PM Sep 07, 2023 | Deepika.com
മുക്കം: കോഴിക്കോട് മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയില്‍ നിന്നും അണലി വര്‍ഗത്തില്‍പെട്ട പാമ്പിനെ പിടികൂടി. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് സ്‌കൂളില്‍ ജോലിക്ക് വന്ന പാചകക്കാരിയാണ് പാമ്പിനെ കണ്ടത്. പാചകപ്പുരയിലെ തുണിയുടെയുള്ളില്‍ ഇവര്‍ പാമ്പിനെ കാണുകയും ഉടന്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.

ഇവര്‍ വിളിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമെത്തിയാണ് പാമ്പിനെ പിടികൂടിയത്. ടീമംഗമായ കരീം കല്‍പൂര്‍ പാമ്പിനെ പിടികൂടി പ്രത്യേക ബാഗിലിടുകയായിരുന്നു. സ്‌കൂള്‍ വളപ്പിലുള്ള തൊടിയും സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പും കാടുമൂടിയ നിലയിലാണ്. അതിനാല്‍ തന്നെ ഈ ഭാഗത്ത് പാമ്പ് ഭീഷണിയുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.

ഈ ഭാഗത്തുള്ള മുക്കം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ ശുചിമുറിയില്‍ നിന്നും ബുധനാഴ്ച മൂര്‍ഖന്‍റെ കുഞ്ഞിനെ ലഭിച്ചിരുന്നു. ഇരു സ്‌കൂളുകളുടേയും സമീപത്ത് കാട് പിടിച്ചുകിടക്കുന്ന ഭാഗം വൃത്തിയാക്കണമെന്നാണ് ഏവരുടേയും ആവശ്യം.