"കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കാനാണോ ഉദ്ദേശ്യം'; സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

04:04 PM Aug 21, 2023 | Deepika.com
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കോടതി പറഞ്ഞു.

ഇപ്പോഴെങ്കിലും ശമ്പളം കൊടുത്താല്‍ മാത്രമേ ഓണം ആഘോഷിക്കാനാവൂ. ശമ്പളം പണമായിതന്നെ കൊടുക്കണം. കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ശമ്പളവിതരണത്തിന്‍റെ കാര്യം എപ്പോഴും ഓര്‍മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്. കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാരിന്‍റെ ഉദ്ദേശ്യമെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം.

സ്ഥാപനം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കില്‍ ശമ്പളം കൃത്യമായി നല്‍കണമെന്നും കോടതി വ്യക്തമാക്കി.