കോട്ടയം: കൃഷിയിടത്തിലെ വാഴയുടെ കൈകള്‍ വെട്ടിമാറ്റിയതില്‍ പ്രകോപിതനായ വീട്ടുടമ കെഎസ്ഇബി ഓഫീസിന് മുന്നിലെ മാവിന്റേയും പ്ലാവിന്റേയും തൈകള്‍ വെട്ടിമാറ്റി. കഴിഞ്ഞദിവസമായിരുന്നു സംഭവം.
കരിപ്പൂട്ടത്ത് നൂറ്റിമുപ്പത് പാടശേഖരത്തെ പുറം ബണ്ട് ഭാഗത്ത് ലൈനിലേക്ക് മുട്ടി നില്ക്കുന്ന വൃക്ഷശിഖരങ്ങള്‍ കെഎസ്ഇബി ജീവനക്കാര്‍ വെട്ടിമാറ്റിയിരുന്നു. ഇതിനിടെയാണ് വാഴക്കൈയും വെട്ടിമാറ്റിയത്.
ഇതിനെത്തുടർന്ന് ചെങ്ങളം സബ്സ്റ്റേഷനു സമീപത്തെ കെഎസ്ഇബി അയ്മനം സെക്ഷന്‍ ഓഫീസില്‍ എത്തിയ വീട്ടുടമ ഏതാനും മാസം മുമ്പ് വെച്ചുപിടിപ്പിച്ച മൂന്ന് മാവും ഒരു പ്ലാവും വെട്ടി നശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കെഎസ്ഇബി പോലീസില്‍ പരാതി നല്കി.
അടുത്തിടെ എറണാകുളം കോതമംഗലം വാരപ്പെട്ടി കാവുംപുറത്ത് കര്‍ഷകനായ തോമസിന്റെ 406 വാഴകള്‍ കെഎസ്ഇബി വെട്ടിയത് വലിയ വാര്‍ത്തയായിരുന്നു. കര്‍ഷകദിനമായ ചിങ്ങം ഒന്നിന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാരും കെഎസ്ഇബിയും വിവാദത്തില്‍ നിന്നും തടിയൂരിയത്.
വാഴക്കൈ മുറിച്ചുമാറ്റി; പ്രകോപിതനായ വീട്ടുടമ കെഎസ്ഇബി ഓഫീസിലെ വൃക്ഷതൈകള്‍ വെട്ടി
03:58 PM Aug 21, 2023 | Deepika.com