മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവം; വാദം മാറ്റിവെക്കണമെന്ന ദീലിപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

12:36 PM Aug 21, 2023 | Deepika.com
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെക്കണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ദിലീപിന് മാത്രമാണല്ലോ പരാതിയുള്ളതെന്നും വേറെ ആര്‍ക്കും പരാതിയില്ലല്ലോ എന്നും കോടതി ചോദിച്ചു.

മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ കോടതിയെ സഹായിക്കുന്നതിന് അഡ്വക്കേറ്റ് രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

കേസില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് അവഗണിക്കണമെന്നാണോ നടന്‍ ദിലീപ് പറയുന്നതെന്ന് ഹൈക്കോടതിയോട് അതിജീവിത ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി സ്വമേധയാ ഇടപെടണണെന്നും ഇവര്‍ നേരത്തെ ആവശ്യപ്പെടുകയുണ്ടായി.

അതിജീവിത നല്‍കിയ ഹര്‍ജിയിലെ വാദം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.

ഇരയെന്ന നിലയില്‍ തന്‍റെ മൗലികാവകാശം സംരക്ഷിക്കണമെന്നും മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അതിജീവിത കോടതി മുന്‍പാകെ പറഞ്ഞു. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വം പരിശോധിച്ചിട്ടുണ്ടെന്നും ഇത് ചോര്‍ത്തിയ പ്രതികളുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഹര്‍ജി നല്‍കിയത് വിചാരണ വൈകിപ്പിക്കാനല്ലെന്നും വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടിനല്‍കിയിട്ടുണ്ടെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി.