ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നു; സുപ്രധാന നാഴികകല്ലെന്ന് പ്രധാനമന്ത്രി

04:30 PM Aug 19, 2023 | Deepika.com
ന്യൂഡൽഹി: ഇന്ത്യയിലെ ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി. ഇത് സുപ്രധാന നാഴികല്ലാണെന്നും അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടെയാണ് എന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജൻധൻ അക്കൗണ്ടുകളിലെ 67 ശതമാനവും ​ഗ്രാമീണ - അർധ ന​ഗരപ്രദേശങ്ങളിൽ നിന്നാണ് തുറന്നിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച ഇറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

നിലവിൽ 2.03 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജൻധൻ അക്കൗണ്ടുകളിലുള്ളത്. 34 കോടി ജൻധൻ അക്കൗണ്ട് ഉടമകൾക്ക് റുപെ കാർഡ് നൽകിയിട്ടുണ്ടെന്നും അറിയിപ്പിലുണ്ട്. രാജ്യത്തെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 2014ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണിത്.

10 വയസിന് മുകളിലുള്ള ആർക്കും അക്കൗണ്ട് തുടങ്ങാം. ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകേണ്ടത്. ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസിന്‍റെ ആവശ്യമില്ല. മാത്രമല്ല അക്കൗണ്ട് ഉടമകൾക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭ്യമാണ്.