കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ശനിയാഴ്ച. കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച കണ്ണൂരിലെത്തിയ അദ്ദേഹം വന്ദേഭാരത് ട്രെയിനിലാണ് മടങ്ങുന്നത്. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്കാണ് യാത്ര.
മുഖ്യമന്ത്രി യാത്ര ചെയ്യുന്ന കോച്ചില്‍ കനത്ത സുരക്ഷയൊരുക്കും. അദ്ദേഹത്തിന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജികുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുകൂടിയാണ് കനത്ത സുരക്ഷയൊരുക്കുന്നത്.
കഴിഞ്ഞതവണ എയര്‍ഇന്ത്യാ വിമാനത്തില്‍ മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പുറമേ വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്ക് നേരെ കല്ലേറുകള്‍ പതിവാകുന്നുണ്ട്. തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് ഡ്രോണ്‍ പറത്തിയും പരിശോധന നടത്തും.
ഈ വര്‍ഷം ഏപ്രില്‍ 25ന് നടന്ന വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്; പ്രതിഷേധം മുന്നില്‍കണ്ട് കനത്തസുരക്ഷ
10:32 AM Aug 19, 2023 | Deepika.com