കൊച്ചി: തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്ക് സന്തോഷ വാർത്ത. എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ റെയിൽവെ സ്ഥിരപ്പെടുത്തി. കൊല്ലത്തുനിന്നും തിരുപ്പതയിലേക്ക് പുതിയ ട്രെയിനും അനുവദിച്ചു.
എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് സ്പെഷൽ ട്രെയിനായി ഏതാനും വർഷങ്ങളായി സർവീസ് നടത്തിവരികയായിരുന്നു. ഇതാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സര്‍വീസ്.
ഉച്ചയ്ക്കു 12.35 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50 ന് വേളാങ്കണ്ണിയില്‍ എത്തും. മടക്ക ട്രെയിന്‍ ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30 ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്കു 12 ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂര്‍, ചെങ്കോട്ട വഴിയാണു സര്‍വീസ്.
തിരുപ്പതി-കൊല്ലം എക്സ്പ്രസ് ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണു സര്‍വീസ്.
മടക്കട്രെയിന്‍ കൊല്ലത്ത് നിന്നു രാവിലെ 10 ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും. ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുരയിലേക്ക് നീട്ടാനും പാലക്കാട്-തിരുനൽവേലി പാലരുവി തൂത്തുക്കുടിയിലേക്ക് നീട്ടാനും ഉത്തരവായി.
തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വേളാങ്കണ്ണി എക്സ്പ്രസ് ഇനി സ്ഥിരം ട്രെയിൻ
07:49 PM Aug 18, 2023 | Deepika.com