കണ്ണൂർ: കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞത് മദ്യപസംഘമെന്ന് പോലീസ് കണ്ടെത്തൽ. കഴിഞ്ഞ ഒരാഴ്ചക്കിടെ കണ്ണൂരിൽ നാലു ട്രെയിനുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതിനെല്ലാം പിന്നിൽ മദ്യപസംഘമാണെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി കണ്ണൂരില്‍ രണ്ടിടത്തും കാസർഗോഡ് ഒരിടത്തുമാണ് ട്രെയിനുകള്‍ക്ക് കല്ലേറുണ്ടായത്.
തിരുവന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് അല്പസമയത്തിന് ശേഷവും മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന് കണ്ണൂരിനും കണ്ണൂര്‍ സൗത്തിനുമിടയിലാണ് കല്ലേറുണ്ടായത്. ഇതേ സമയം നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ഓഖ എറണാകുളം എക്സ്പ്രസിന് നേരേയും കല്ലേറുണ്ടായി.
ബുധനാഴ്ച കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സപ്രസിന് മാഹിക്കും മുക്കാളിക്കുമിടയില് കല്ലേറുണ്ടായി. ഇതിലൊന്നും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ ആസൂത്രിതമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞത് മദ്യപസംഘമെന്ന് പോലീസ്
09:58 PM Aug 17, 2023 | Deepika.com