ആപ്പിൾ ഐഫോൺ 15: ഇന്ത്യയിലെ നിർമാണം ഉടൻ ആരംഭിക്കും

05:07 PM Aug 17, 2023 | Deepika.com
ചെന്നൈ: ആ​ഗോള ടെക്ക് ഭീമനായ ആപ്പിൾ ഇറക്കാനിരിക്കുന്ന ഐഫോൺ 15 മോഡലിന്‍റെ ഭൂരിഭാ​ഗം ഹാൻഡ്സെറ്റുകളും ശ്രീപെരുമ്പത്തൂരിലെ പ്ലാന്‍റിൽ നിർമിക്കുമെന്ന് ഫോക്സ്കോൺ ടെക്നോളജി ​ഗ്രൂപ്പ് അറിയിച്ചു. ആപ്പിളിന്‍റെ ചൈനയിലെ പ്രാഥമിക നിർമാണ കേന്ദ്രത്തിലേയും ശ്രീപെരുമ്പത്തൂരിലുള്ള പ്ലാന്‍റിലേയും പ്രവർത്തനങ്ങൾ തുല്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി.

സെപ്റ്റംബർ 12ന് ഐഫോൺ 15 മോഡൽ ഇറക്കുമെന്ന് നേരത്തെ വാർത്തകൾ വന്നുവെങ്കിലും തീയതി കുറച്ച് ദിവസം കൂ‌ടി മുന്നോട്ട് നീങ്ങാനുള്ള സാധ്യതയുമുണ്ട്. ചൈനയിൽ നിർമിക്കുന്ന ഐഫോൺ 15 മോഡലുകളുടെ ഷിപ്പ്മെന്‍റിന് ശേഷമേ ശ്രീപെരുമ്പത്തൂരിൽ നിർമിക്കുന്ന ഹാൻഡ്സെറ്റുകൾ വിപണിയിലെത്തൂ.

ചൈനയിൽ നിർമിക്കുന്നതിലും കൂടുതൽ മോഡലുകൾ ഇന്ത്യയിലൊരുക്കാനുളള സാഹചര്യം ഇപ്പോഴുണ്ട്. അതിനാൽ തന്നെ ശ്രീപെരുമ്പത്തൂർ പ്ലാന്‍റിലെ ഉത്പാദനം വർധിപ്പിക്കുന്നതോടെ ആ​ഗോള വിപണിയിലെത്തുന്ന നല്ലൊരു ഭാ​ഗം ഐഫോൺ 15 മോഡലും ഇന്ത്യയിൽ നിന്നുള്ളവയായിരിക്കും.

ഐഫോണിന്‍റെ പല ഭാ​ഗങ്ങളും ഇറക്കമതി ചെയ്ത് അസംബിൾ ചെയ്യുന്നവയാണ്. ഇവയുടെ ലഭ്യത നിലവിൽ പര്യാപ്തമായ അളവിൽ ഉണ്ടെങ്കിലും വരും മാസങ്ങളിൽ ചെറിയ തോതിൽ പോലും കുറവ് സംഭവിച്ചാൽ അത് വിപണിയിൽ വലിയ തിരിച്ചടിയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഐഫോൺ 14 വരെയുള്ള ഹാൻഡ്സെറ്റുകൾ ഇറങ്ങുന്നതിന് മുൻപ് വളരെ നേരിയ അളവിൽ മാത്രമാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമിച്ചിരുന്നത്. ഏപ്രിലിൽ രാജ്യത്തെ ആദ്യ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചതോടെ ഇന്ത്യൻ വിപണിയിൽ നിന്നും മികച്ച ലാഭം കൊയ്യാമെന്ന ആത്മവിശ്വാസത്തിലാണ് ആപ്പിൾ അധികൃതർ.