ആലപ്പുഴ: കയര്‍ ഫാക്ടറി തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. ആലപ്പുഴ കാളാത്ത് തടിയ്ക്കല്‍ വീട്ടില്‍ സുരേഷ് കുമാര്‍(54) ആണ് മരിച്ചത്.പിതാവിന്റെ മരണത്തിന് പിന്നാലെ മകന് നിഖില്‍(30) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ രാത്രിയില്‍ സുരേഷും നിഖിലും തമ്മില്‍ വഴക്ക് നടന്നതായി നിഖിലിന്റെ അമ്മ മിനിമോള്‍ പോലീസിനോട് പറഞ്ഞു. രാവിലെ ഏഴരയായിട്ടും ഭര്‍ത്താവു എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്തമുറിയില്‍ ചെന്നുനോക്കിയപ്പോഴാണു അനക്കമില്ലെന്നു മനസിലാക്കിയത്. തുടര്‍ന്നു അയല്‍വാസികളെ ബഹളംവച്ച് വരുത്തുകയായിരുന്നു.
ഈ മാസം 28ന് നിഖിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെച്ചൊല്ലി ഇരുവരും രാത്രി സംസാരിച്ചിരുന്നതായി മിനി പറഞ്ഞു.
പോലീസ് സംഘവും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴയില്‍ പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മകനെ കാണാനില്ല
06:28 PM Aug 16, 2023 | Deepika.com