ഹിമാചലില്‍ മഴക്കെടുതി; മരണം 60 കടന്നു, അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി

01:26 PM Aug 16, 2023 | Deepika.com
ഷിംല: ഹിമാചലില്‍ കനത്ത മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു. ഇതുവരെ 60 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഷിംലയില്‍ മണ്ണിടിച്ചിലില്‍ മരിച്ച നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. 500ല്‍പരം പേരെ രക്ഷപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധയിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. ഷിംല, ഫതേഹ്പൂര്‍, ഇന്‍ഡോറ, കാംഗ്ര ജില്ലകളിലാണ് സൈന്യത്തെ വിന്യസിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വീടുകളില്‍ വിള്ളലോ മറ്റോ കണ്ടാല്‍ ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ്‌ നിര്‍ദേശിച്ചു.

ഈ മണ്‍സൂണ്‍ സീസണില്‍ ഹിമാചലില്‍ മൊത്തം 170 മേഘവിസ്‌ഫോടനങ്ങളും മണ്ണിടിച്ചിലുകളും ഉണ്ടായി. 9,600 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സോളന്‍, ഷിംല, മാണ്ഡി, ഹമീര്‍പൂര്‍, കംഗ്ര ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.

ഹിമാചലിലും ഉത്തരാഖണഡിലും ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാല്‍ ഉത്തരാഖണ്ഡിലെ ഋഷികേശില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ട്. ഗംഗയുടെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണെന്ന് തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് ജോഷിമഠില്‍ വീണ്ടും വിളളല്‍ രൂപപ്പെട്ടിട്ടുണ്ട്. ജോഷിമഠിലെ സുനില്‍ ഗ്രാമത്തിലെ പന്‍വാര്‍ മൊഹല്ലയിലെയും നേഗി മൊഹല്ലയിലെയും 16 വീടുകള്‍ അപകടഭീഷണിയിലാണ്.