തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകത്തിൽ മാലിന്യ നിർമാർജനത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കോർപറേഷനിലെ ഹരിതകർമ സേനാംഗങ്ങളെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രവർത്തനത്തിൽ സ്ത്രീകളുടെ പങ്ക് പ്രചോദനകരമാണെന്ന് മന്ത്രി പറഞ്ഞു. ഹരിതകർമ സേന മാലിന്യ സംസ്കരണ സംരംഭം മാത്രമല്ല, സമൂഹത്തിന്റെ നവീകരണത്തിന്റെയും ശക്തിയുടെയും തെളിവു കൂടിയാണ്. ഇത് സ്ത്രീശാക്തീകരണത്തോടൊപ്പം അവർക്ക് വരുമാന സ്രോതസും സാന്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു.
വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ക്രമമായും ചിട്ടയായും സ്വീകരിക്കുന്ന ഹരിതകർമ സേനയുടെ പ്രവർത്തനം മാലിന്യ നിർമാർജനത്തിന്റെ അടിത്തറയാണ്. ഗാർഹിക തലത്തിൽ ജൈവമാലിന്യ സംസ്കരണത്തിന് പരിഹാരം കാണാൻ ഹരിതകർമ സേനയുടെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത അധ്യയന വർഷം പാഠപുസ്തകത്തിൽ മാലിന്യ നിർമാർജനവും: മന്ത്രി വി. ശിവൻകുട്ടി
07:46 PM Aug 15, 2023 | Deepika.com