സ്വാതന്ത്ര്യദിനാഘോഷം: വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തി

01:13 PM Aug 15, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം നടന്നു. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുത്ത് ദേശീയപതാക ഉയര്‍ത്തി.

സംസ്ഥാനതല ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തി. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു. പോലീസ് മെഡലുകളും മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് സമ്മാനിച്ചു.

മനുഷ്യരെ എല്ലാവരേയും തുല്യരായി കണ്ടും പ്രശ്നങ്ങളെ ഒറ്റക്കെട്ടായി പരിഹരിച്ചും കേരളം രാജ്യത്തിന് മാതൃകയായെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒരുമയും മതനിരപേക്ഷതയും ശാസ്ത്രചിന്തയും അതിന് ഉപകരിച്ചുവെന്നും അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ നുള്ളിയെറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കൊല്ലത്ത് മന്ത്രി ആന്‍റണി രാജു സല്യൂട്ട് സ്വീകരിച്ച് ദേശീയപതാക ഉയര്‍ത്തി. പത്തനംതിട്ടയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും കോട്ടയത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ദേശീയപതാക ഉയര്‍ത്തി.

ഇടുക്കി ഐഡിഎ മൈതാനത്ത് സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ദേശീയപതാക ഉയര്‍ത്തി. എറണാകുളം ജില്ലാതല ആഘോഷങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ദേവസ്വം മന്ത്രി മന്ത്രി കെ.രാധകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി.

തൃശൂരില്‍ റവന്യൂ മന്ത്രി കെ. രാജനും മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ കായികമന്ത്രി വി. അബ്ദുറഹ്മാനും ദേശീയപതാക ഉയര്‍ത്തി.

കോഴിക്കോട് വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തി. വയനാട്ടില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും കണ്ണൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ദേശീയപതാക ഉയര്‍ത്തി.