മാടപ്പള്ളി: മദർ തെരേസയുടെ വിശുദ്ധപദവി അനുസ്മരണത്തിന്റെ ഭാഗമായി ചെറുപുഷ്പം ഇടവകയുടെ ആഭിമുഖ്യത്തിൽ ലിറ്റിൽഫ്ളവർ ഹെൽത്ത് കെയർ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത്, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ നടത്തിയ സ്നേഹകിരണം പദ്ധതി കിടപ്പ് രോഗികൾക്ക് സാന്ത്വനസ്പർശമായി.
അശരണരെയും നിരാലംബരെയും മാറോടു ചേർത്ത് ദൈവസ്നേഹത്തിന്റെ വെളിച്ചം വിതറിയ മദർ തെരേസയുടെ ജീവകാരുണ്യത്തിന്റെ പുണ്യസ്മരണാർഥമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി മാടപ്പള്ളി പഞ്ചായത്തിലെ 20 വാർഡുകളിലെ കിടപ്പ് രോഗികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവർക്ക് സൗജന്യ മരുന്ന്കിറ്റുകളും സമ്മാനങ്ങളും നൽകിയാണ് ആശ്വാസം പകർന്നത്.
ചെറുപുഷ്പം പള്ളിയങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ കോട്ടയം നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് ഉദ്ഘാടനം നിർവഹിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോസഫ് കിഴക്കേച്ചിറ അധ്യക്ഷത വഹിച്ചു. റേഡിയോ മീഡിയ വില്ലേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി ആമുഖ സന്ദേശവും ചെത്തിപ്പുഴ സെന്റ തോമസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത് മുഖ്യപ്രഭാഷണവും നടത്തി. വികാരി ഫാ. ജേക്കബ് ചീരംവേലിൽ ആമുഖ പ്രസംഗം നടത്തി. ഡീക്കൻ ജോജോ മണലിപറന്പിൽ,പാരീഷ് കൗണ്‍സിൽ സെക്രട്ടറി മാത്തുക്കുട്ടി മൂലയിൽ എന്നിവർ പ്രസംഗിച്ചു.
20 വാർഡുകളിലെ പഞ്ചായത്ത് മെന്പർമാരും ഇടവക പ്രതിനിധികളുടെയും നേതൃത്വത്തിൽ നൂറോളം വാഹനങ്ങളിലായി 500 സന്നദ്ധ സേവകർ നാനാജാതി മതസ്ഥരായ അഞ്ഞൂറോളം കിടപ്പ് രോഗികളുടെ ഭവനങ്ങളിൽ സന്ദർശനം നടത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയാണ് രോഗികൾക്കുള്ള കിറ്റ് നൽകിയത്. ജനറൽ കണ്‍വീനർമാരായ തങ്കച്ചൻ പുതുപറന്പിൽ, ആന്റിച്ചൻ കുളത്തുങ്കൽ, അസിസ്റ്റന്റ് സെക്രട്ടറി സനിൽ വല്യാനാൽ, കൈക്കാരൻമാരായ ബിജി വേങ്ങമൂട്ടിൽ, മാത്തുക്കുട്ടി കട്ടക്കുഴി, ജോസ് മുളവന എന്നിവർ നേതൃത്വം നൽകി.
കിടപ്പു രോഗികൾക്കു സാന്ത്വനം പകർന്ന് മാടപ്പള്ളിയിൽ സ്നേഹകിരണം പദ്ധതി
01:13 AM Oct 19, 2017 | Deepika.com