കൊച്ചി: അസോസിയേഷൻ ഓഫ് മോറൽ തിയോളജിയൻസ് ഓഫ് ഇന്ത്യ(എഎംടിഐ)യുടെ നേതൃത്വത്തിൽ ധാർമിക ദൈവശാസ്ത്രജ്ഞരുടെ 29-ാമതു ദേശീയ സമ്മേളനം ആലുവ ചുണങ്ങംവേലി നിവേദിതയിൽ നാളെ ആരംഭിക്കും. രാജ്യത്തെ വിവിധ സെമിനാരികളിലും മറ്റും ശുശ്രൂഷ ചെയ്യുന്ന നാൽപതോളം ധാർമിക ദൈവശാസ്ത്രജ്ഞർ പങ്കെടുക്കും.
സ്നേഹത്തിന്റെ ആനന്ദത്തിൽ ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറയുന്ന മനസാക്ഷിയുടെ രൂപീകരണവും ധാർമിക വിലയിരുത്തലുകളിൽ അതിന്റെ പങ്കും എന്നതാണ് സമ്മേളനത്തിന്റെ വിഷയം. ദൈവശാസ്ത്രം കാലഘട്ടത്തോടു സംവദിക്കുന്നതിന്റെ ഭാഗമായി വിദഗ്ധർ ഒൻപതു പ്രബന്ധങ്ങൾ അവതരിപ്പിക്കും, ചർച്ചകളുമുണ്ടാകും.
സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യസന്ദേശം നല്കും. അസോസിയേഷൻ പ്രസിഡന്റ് റവ. ഡോ. ക്ലമന്റ് ക്യാന്പസ് (ബംഗളൂരു), സെക്രട്ടറി റവ. ഡോ. അഗസ്റ്റിൻ കല്ലേലി (എറണാകുളം), ട്രഷറർ റവ. ഡോ. തോമസ് പാറയിൽ (ഒഡീഷ), വൈസ് പ്രസിഡന്റ് റവ. ഡോ. മൈക്കിൾ പിറ്റേഴ്സ് (ഗോവ) എന്നിവർ നേതൃത്വം നൽകും. സമ്മേളനം 22നു സമാപിക്കും. ധാർമിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കു സമ്മേളനത്തിൽ പങ്കെടുക്കാം. ഫോണ്: 9446544111.
ധാർമിക ദൈവശാസ്ത്രജ്ഞരുടെ ദേശീയ സമ്മേളനം നാളെ തുടങ്ങും
01:13 AM Oct 19, 2017 | Deepika.com