തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ഒപ്പുകൾ ശേഖരിക്കുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബൂത്തുതലത്തിൽ പ്രവർത്തകർ ഭവനസന്ദർശനം നടത്തിയാണ് ഒപ്പുകൾ ശേഖരിക്കുക. 3.5 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള വെള്ള ബാനറിലാണു ഒപ്പിടുന്നത്. ഒരു ബൂത്തിൽ കുറഞ്ഞത് 500 ഒപ്പുകളാണു ശേഖരിക്കുക. ഒപ്പുശേഖരണ പരിപാടിയിൽ തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഈ മാസം 21-നും എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ 28-നും യുഡിഎഫ് നേതാക്കൾ ഭവനസന്ദർശനം നടത്തും. യുഡിഎഫ് പടയൊരുക്കം നവംബർ ഒന്നിനു കാസർഗോഡ് ഉപ്പളയിൽ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ഡിസംബർ ഒന്നിനു തിരുവനന്തപുരത്തു നടക്കുന്ന സമാപന റാലിയിൽ കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പങ്കെടുക്കുമെന്നു സതീശൻ അറിയിച്ചു.
യുഡിഎഫ് പടയൊരുക്കം : ഒരു കോടി ഒപ്പുകൾ ശേഖരിക്കും
12:46 AM Oct 18, 2017 | Deepika.com