തൊടുപുഴ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ ജിമിക്കി കമ്മലിന്റെ വയലിൻ കവർ വേർഷൻ “കൊട്രാ’’ യും യുടൂബിലും ഫേയ്സ് ബുക്കിലും തരംഗമാകുന്നു.
മുൻ എംഎൽഎ മാത്യു സ്റ്റീഫന്റെ മകൻ സ്റ്റീഫൻ മാത്യു സംവിധാനം നിർവഹിച്ച നാലര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആൽബം രണ്ടു ദിവസംകൊണ്ട് മുപ്പതിനായിരം പേർ കണ്ടു കഴിഞ്ഞു. വയലിൻ ഉപയോഗിച്ചുള്ള സംഗീ തമാണ് ആൽബത്തിന്റെ പ്രത്യേകത.
ലിനോ കുരിശുംമൂട്ടിൽ കാമറ നിർവഹിച്ച ആൽബത്തിൽ സ്റ്റീഫൻ മാത്യുവും അമ്മിണി വർഗീസുമാണ് അഭിനേതാക്കൾ.
ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക് ലണ്ടനിൽ വയലിനിൽ ആറാം ഗ്രേഡ് പാസായ സ്റ്റീഫൻ മാത്യു മുൻപ് അഗാപെ മൈ ബ്രദർ എന്ന ഷോർട്ട് ഫിലിം സംവിധാനംചെയ്തും ശ്രദ്ധ നേടിയിരുന്നു. ഇതുവരെ നിരവധി പുരസ്കാരങ്ങൾ ഈ ഷോർട്ട് ഫിലിമിന് ലഭിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനവും ഡാൻസും വൈറലായി മാറിയിരുന്നു. നാട്ടിലും മറുനാട്ടിലും ജിമിക്കി കമ്മൽ ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകിയപ്പോൾ വയലിനിലൂടെ പുതിയ തരംഗം സൃഷ്ടിക്കുകയാണ് സ്റ്റീഫൻ മാത്യു.
ജിമിക്കി കമ്മൽ വയലിനിലും; കൊട്രാ തരംഗമാകുന്നു
12:12 AM Oct 18, 2017 | Deepika.com