കൊച്ചി: സർക്കാരിന്റെ വികലമായ മദ്യനയത്തിൽ പ്രതിഷേധിച്ച് 23നു തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ബഹുജന മാർച്ചിൽ കേരളത്തിലെ 31 രൂപതകളിൽനിന്നു പ്രതിനിധികൾ പങ്കെടുക്കുമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ചാർളി പോൾ അറിയിച്ചു.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽനിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തുന്ന മാർച്ചിനു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ എന്നിവർ നേതൃത്വം നൽകും. ജാതി, മത വ്യത്യാസമില്ലാതെ സാമുദായിക, സാംസ്കാരിക, സാഹിത്യ മേഖലയിലെ വ്യക്തികളും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും മാർച്ചിൽ പങ്കാളികളാകും.
നവംബർ 15 മുതൽ ഡിസംബർ മൂന്നു വരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നു കാസർഗോഡു വരെ ’മദ്യവിമോചന കേരളയാത്ര’ നടത്താൻ പിഒസിയിൽ ചേർന്ന സമിതി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കേരളയാത്ര നയിക്കും. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചാർളിപോൾ, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, യോഹന്നാൻ ആന്റണി, തോമസുകുട്ടി മണക്കുന്നേൽ, ജോസ് ചെന്പിശേരി, ബനഡിക്ട് ക്രിസോസ്റ്റം, ഷിബു കാച്ചപ്പിള്ളി, വൈ.രാജു, തങ്കച്ചൻ വെളിയിൽ, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഫാ. ദേവസി പന്തലൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മദ്യനയത്തിനെതിരേ 23ന് തിരുവനന്തപുരത്തു ബഹുജന മാർച്ച്
12:12 AM Oct 18, 2017 | Deepika.com