തിരുവനന്തപുരം : സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കേസെടുക്കുമെന്നു സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിപ്പോർട്ട് പുറത്തുവിടണമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്നെ റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ പുറത്തുവിട്ട സാഹചര്യത്തിൽ റിപ്പോർട്ട് രഹസ്യസ്വഭാവമാണെന്നു പറയുന്നതിൽ അർഥമില്ല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകാത്തതു സ്വാഭാവിക നീതി നിഷേധിക്കലാണ്. റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും നിസാരമായി കാണുന്നില്ലെന്നും വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് സ്വാഗതാർഹമാണ്. എന്നാൽ യെച്ചൂരിയുടെ നിലപാടിനു കടുത്ത കോണ്‍ഗ്രസ് വിരോധം മൂലം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ മുൻതൂക്കം ലഭിച്ചില്ല.
അഞ്ചു വർഷം ഇടത് എംഎൽഎയായിരുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ പിണറായി വിജയൻ കുലംകുത്തി, പരനാറി ലിസ്റ്റിൽ ഉൾപ്പെടുത്താത്തതു ബിജെപിയെ പ്രീണിപ്പിക്കാനാണ്. ഹർത്താൽ നടത്തുന്നതിനോടു തനിക്കുള്ള വിയോജിപ്പ് നേരത്തേ തന്നെ പാർട്ടിയെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഹർത്താൽ പരിപാടികളില്ലെന്നും താൻ പങ്കെടുക്കാറില്ലെന്നും സതീശൻ പറഞ്ഞു.
സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: വി.ഡി. സതീശൻ
12:02 AM Oct 18, 2017 | Deepika.com