ശബരിമല: ശബരിമല വികസന പദ്ധതികളുടെ ശിലാസ്ഥാപനം ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് സന്നിധാനത്തും പമ്പയിലും നിര്‍വഹിക്കും.
ശബരിമല സന്നിധാനത്തെ പുണ്യദര്‍ശനം കോംപ്ലക്സ്, ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനം രാവിലെ 9.30ന് സന്നിധാനത്തും പമ്പയിലെ സ്നാനഘട്ടിന്റെ നവീകരണം, തീര്‍ഥാടകര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തോടുകൂടിയ നടപ്പന്തല്‍, നിലയ്ക്കലെ ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികള്‍ എന്നിവയുടെ ശിലാസ്ഥാപനകർമം വൈകുന്നേരം നാലിന് പമ്പയിലും നടക്കും.
തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് രാവിലെ 10ന് വിവിധ വകുപ്പുകളുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സന്നിധാനത്ത് ചേരും.
സംസ്ഥാന ടൂറിസം വകുപ്പ് പണികഴിപ്പിക്കുന്ന പുണ്യദര്‍ശനം കോംപ്ലക്സും ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി മുഖേന നടപ്പാക്കുന്ന വികസന പദ്ധതികളും പൂര്‍ത്തിയാകുമ്പോള്‍ തീര്‍ഥാടകര്‍ക്ക് കുടിവെള്ളത്തിനും താമസത്തിനും വിശ്രമത്തിനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ സന്നിധാനത്ത് ഉറപ്പാകും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ പദ്ധതി അവതരിപ്പിക്കും.
ശബരിമല വികസന പദ്ധതികളുടെ ശിലാസ്ഥാപനം ഇന്ന്
12:41 AM Oct 17, 2017 | Deepika.com