രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹം തേടി പതിനായിരങ്ങൾ ഇന്നലെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിലെത്തി. തിരുക്കർമങ്ങളിൽ പങ്കെടുത്തും കബറിടത്തിങ്കൽ പ്രാർഥിച്ചും നേർച്ചസദ്യയിൽ പങ്കെടുത്തും ആത്മീയ നിറവ് നേടിയാണ് വിശ്വാസികൾ മടങ്ങിയത്.
പുലർച്ചെ മുതൽ വൈകുന്നേരം വരെ പള്ളിയും പരിസരങ്ങളും വിശ്വാസികളാൽ നിറഞ്ഞിരുന്നു. രാവിലെ ഒൻപതിന് നേർച്ചഭക്ഷണം വികാരി റവ. ഡോ.ജോർജ് ഞാറക്കുന്നേൽ ആശീർവദിച്ചു. തിരുനാൾ റാസയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ. ഡോ.ജോർജ് ഞാറക്കുന്നേൽ, വൈസ്പോസ്റ്റുലേറ്റർ ഫാ. സെബാസ്റ്റ്യൻ നടുത്തടം, സഹവൈദികർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം വോളന്റിയേഴ്സ് രംഗത്തുണ്ടായിരുന്നു. നേർച്ചഭക്ഷണം തയാറാക്കുന്നതിനായി മൂന്നു ടണ് അരി ഉപയോഗിച്ചു.
യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽനിന്നു രാമപുരം പഞ്ചായത്തിനെ ഒഴിവാക്കിയിരുന്നതിനാൽ ആവശ്യാനുസരണം കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തി. ഉച്ചയ്ക്ക് 12 ന് ഡിസിഎംഎസ് പാലാ രൂപത സംഘടിപ്പിച്ച തീർഥാടന യാത്ര പള്ളിമൈതാനത്തെത്തി. രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ തീർഥാടനത്തിന് നേതൃത്വം നൽകി. പള്ളിമൈതാനത്ത് വികാരി റവ.ഡോ. ജോർജ് ഞാറക്കുന്നേൽ, വൈസ്പോസ്റ്റുലേറ്റർ ഫാ. സെബാസ്റ്റ്യൻ നടുത്തടം തുടങ്ങിയവർ ചേർന്ന് തീർഥാടകരെ സ്വീകരിച്ചു.
കബറിടം സ്ഥിതിചെയ്യുന്ന പഴയ പള്ളിയിൽ രാവിലെ മുതൽതന്നെ വൻതിരക്ക് അനുഭവപ്പെട്ടു. കൃഷിക്കാർ തങ്ങളുടെ ഭക്ഷ്യവിളകളിൽ ഏറ്റവും നല്ലത് കുഞ്ഞച്ചന് കാണിക്കയായി സമർപ്പിച്ചു. പള്ളിമൈതാനത്തെ കുഞ്ഞച്ചന്റെ മ്യൂസിയത്തിലും ഭക്തജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. കുഞ്ഞച്ചൻ ഉപയോഗിച്ചിരുന്ന തിരുവസ്ത്രങ്ങൾ, കട്ടിൽ, കസേര, പാത്രങ്ങൾ, കൊന്ത തുടങ്ങിയവ മ്യൂസിയത്തിൽ വിശ്വാസികൾക്ക് ദർശിക്കാനായി.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ കരുണയുടെ ഉദാത്ത മാതൃക: മാർ കല്ലറങ്ങാട്ട്
രാമപുരം: സമൂഹത്തിലെ സാധാരണക്കാരായ വ്യക്തികളോടും കുടുംബങ്ങളോടും ഏറെ അടുപ്പവും വാത്സല്യവും പ്രകടിപ്പിച്ച കുഞ്ഞച്ചൻ കരുണയുടെ ഉദാത്ത മാതൃകയാണെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ കല്ലറങ്ങാട്ട്. സഭയുടെ പ്രബോധനങ്ങൾ വീടുകളിൽ എത്തിക്കുകയും അവരുടെ ആത്മാക്കളെ രക്ഷപെടുത്താൻ ഏറെ ശ്രമിക്കുകയും ചെയ്ത കുഞ്ഞച്ചൻ സാധാരണക്കാരെ സുവിശേഷവൽക്കരിക്കുയായിരുന്നു. ഹോം മിഷൻ പ്രസ്ഥാനം ആരംഭിക്കുന്നതിന് മുൻപുതന്നെ അജപാലക നേതൃത്വം ഏറ്റെടുത്ത കുഞ്ഞച്ചന്റെ ജീവിതമാതൃക സമൂഹത്തിന് വഴികാട്ടിയാവണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് പതിനായിരങ്ങൾ
12:41 AM Oct 17, 2017 | Deepika.com