കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒൻപതാമത് ദർശന അഖില കേരളാ പ്രഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നാടകമായി കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ’കരുണ’തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരി അണിയറ തിയറ്റേഴ്സിന്റെ നോക്കുകുത്തി രണ്ടാം സ്ഥാനം നേടി.
ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിന് 20000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. നോക്കുകുത്തി എന്ന നാടകം സംവിധാനം ചെയ്ത രാജേഷ് ഇരുളാണു മികച്ച സംവിധായകൻ. മികച്ച നടനായി തിരുവനന്തപുരം സംസ്കൃതിയുടെ ഒളിന്പ്യൻ ചക്രപാണി’ എന്ന നാടകത്തിലെ കണ്ണൂർ വാസൂട്ടിയും മികച്ച നടിയായി കരുണ എന്ന നാടകത്തിലെ മഞ്ജു റെജിയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം സൗപർണികയുടെ ‘നിർഭയ’എന്ന നാടകത്തിലെ സരസനാണ് മികച്ച ഹാസ്യനടൻ. മികച്ച രചനയ്ക്ക് മുഹാദ് വെന്പായം (നാടകം - അങ്കമാലി അക്ഷയുടെ ആഴം) അർഹനായി. മികച്ച സംഗീത സംവിധായകനായി അനിൽ മാളയും (നാടകം - അങ്കമാലി അക്ഷയുടെ ആഴം, തിരുവനന്തപുരം നക്ഷത്ര കമ്മ്യൂണിക്കേഷന്റെ അനന്തരം അയാൾ) മികച്ച ഗാനാലാപനത്തിന് റോഷ്നി മേനോനും (നാടകം - കൊട്ടാരക്കര ആശ്രയുടെ ഇത് പൊതുവഴിയാണ്) മികച്ച കേശാലങ്കാരത്തിനു പ്രകാശ് വിഗ്സ് ചേർത്തല (വിവിധ നാടകങ്ങൾ) അവാർഡ് കരസ്ഥമാക്കി.
മികച്ച രണ്ടാമത്തെ നടനായി ഓച്ചിറ സരിഗയുടെ ‘രാമേട്ടൻ’എന്ന നാടകത്തിലെ ബാബുരാജ് തിരുവല്ല, മികച്ച രണ്ടാമത്തെ നടിയായി തിരുവനന്തപുരം സൗപർണികയുടെ ‘നിർഭയം’ എന്ന നാടകത്തിലെ ബീനാ അനിൽനെയും തെരഞ്ഞെടുത്തു.
ദർശനയുടെ പത്തു ദിവസം നീണ്ടുനിന്ന നാടകമത്സരത്തിന് സാഹിത്യ നിരൂപകൻ മാവേലിക്കര രഘുനാഥ്, തേക്കിൻകാട് ജോസഫ്, ബാബു കുരുവിള എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സമ്മാനവിതരണം നാളെ ദർശന ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30 ന് നാടക പരിശീലകനും ദൂരദർശൻ മുൻ ഡയറക്ടറുമായ സി.കെ. തോമസ് നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദർശന അഖിലകേരള പ്രഫഷണൽ നാടക മത്സരം: കരുണ മികച്ച നാടകം
12:41 AM Oct 17, 2017 | Deepika.com