പന്തളം: അജ്ഞാതവാഹനം ഇടിച്ച് അരമണിക്കൂറോളം റോഡിൽ രക്തംവാർന്നു കിടന്ന ചുമട്ടു തൊഴിലാളി മരിച്ചു. പന്തളം പൂഴിക്കാട് കണാരവിളയിൽ വിജയൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് എംസി റോഡിൽ കാത്തലിക് സിറിയൻ ബാങ്കിന് മുന്നിലായിരുന്നു അപകടം. സഹോദരി തട്ടയിൽ സ്വദേശിനി മണിയുമൊത്ത് നടന്നുവരുന്പോൾ പിന്നിൽനിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിജയനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. വിവരമറിഞ്ഞ് അരമണിക്കൂറോളം വൈകിയെത്തിയ പന്തളം പോലീസ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സ്വകാര്യ കന്പനിയിലെ ചുമട്ടുതൊഴിലാളിയായ വിജയൻ അവിവാഹിതനാണ്. ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിയതെന്നാണു സൂചന. പന്തളം പോലീസ് അന്വേഷണം ആരംഭിച്ചു.
അജ്ഞാതവാഹനം ഇടിച്ച് തൊഴിലാളി മരിച്ചു
12:22 AM Oct 17, 2017 | Deepika.com