കാസർഗോഡ്: ദേശീയപാതയിൽ കുന്പളയ്ക്കടുത്ത് മീൻലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് മീൻ ലോറി ഡ്രൈവർ മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു. ആലപ്പുഴ ചേർത്തലയിലെ ബിജു(40)ആണ് മരിച്ചത്. മീൻലോറിയിലുണ്ടായിരുന്ന സഹ ഡ്രൈവർ ബാബു(39), കണ്ടെയ്നർ ലോറി ജീവനക്കാരായ ഉത്തർപ്രദേശ് സ്വദേശി സന്തോഷ് (26), സന്തൽ(33) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആരിക്കാടി കടവത്ത് ദേശീയപാതയിലായിരുന്നു അപകടം. മീൻ കൊണ്ടുവരാനായി മംഗളൂരുവിലേക്കുപോകുകയായിരുന്ന ലോറിയും പൂനയിൽനിന്ന് കാറുകളുമായി കൊച്ചിയിലേക്കു വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണു കൂട്ടിയിടിച്ചത്. തകർന്ന മീൻലോറിക്കുള്ളിൽ കുടുങ്ങിയ ബിജുവിനെ നാട്ടുകാരും പോലീസും ചേർന്ന് ലോറിയുടെ ഭാഗം വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.
ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളും റോഡിനിരുവശങ്ങളിലേക്ക് മറിഞ്ഞു.
ലോറികൾ കൂട്ടിയിടിച്ച് ചേർത്തല സ്വദേശി മരിച്ചു
12:09 AM Oct 16, 2017 | Deepika.com