കോട്ടയം: സോളാർ അന്വേഷണ കമ്മീഷൻ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് ഉദ്യോഗസ്ഥരെയും ഉടൻ ജയിലിൽ അടയ്ക്കണമെന്നു ബിജെപി ദേശീയ വക്താവ് ഡോ.ജിവിഎൽ നരസിംഹറാവു.
ഇവരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ഇടത് - വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെ രക്ഷപ്പെടാനുള്ള പഴുത് ഉണ്ടാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ നിയമിച്ച കമ്മീഷന്റെ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നത്. കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാർ കേസിൽ ആരോപണവിധേയനായ കെ.സി.വേണുഗോപാലിനു ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതൃപദവിയും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും രാഹുൽ ഗാന്ധി നൽകി. ഇതിൽ രാഹുൽഗാന്ധി പ്രതികരിക്കണം.
പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ, ഇന്റലക്ച്വൽ സെൽ ജില്ലാ കണ്‍വീനർ എം.ആർ. എനിൽകുമാർ എന്നിവർ പങ്കെടുത്തു.
സോളാർ: കുറ്റക്കാരെ ജയിലിൽ അടയ്ക്കണമെന്നു ബിജെപി
07:35 AM Oct 13, 2017 | Deepika.com