കോഴിക്കോട്: ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശിവസേനാ നേതാവുമായ ഡോ. ദീപക് സാവന്ത്. രാജ്യത്തെ ആദ്യ എന്‍എബിഎച്ച് സര്‍ക്കാര്‍ ആശുപത്രിയായ കോഴിക്കോട് കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ ശിശുമരണനിരക്ക്, മാതൃമരണനിരക്ക് എന്നിവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളം എല്ലാവര്ക്കും മാതൃകയാണെന്നും ഇന്ത്യ ഒരൊറ്റ രാജ്യമാണ് ഇവിടത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ മേഖലകളിലയും മികച്ച മാതൃകകള്‍ പരസ്പരം സ്വീകരിച്ച് പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഇവിടത്തെ ശുചിത്വത്തിനും മികവിനും കാരണം ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ്. രോഗിയുടെ ബന്ധുക്കള്‍ക്കുപോലും പലയിടങ്ങളിലും പ്രവേശനം നിരോധിച്ചിരിക്കുന്നത് രോഗങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് കേരള മികവ് പ്രകീർത്തിച്ച് മഹാരാഷ്ട്ര മന്ത്രി
02:36 AM Oct 13, 2017 | Deepika.com