തിരുവനന്തപുരം: അശാസ്ത്രീയതയും അനീതിയും ഒഴിവാക്കാൻ ജിഎസ്ടി ദേശീയ കൗണ്‍സിലും കേന്ദ്ര- സംസ്ഥാന സർക്കാരുകളും തയാറാകാത്തതിൽ പ്രതിഷേധിച്ചു നവംബർ ഏഴിനു കോണ്‍ഫെഡറേഷൻ ഓഫ് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് ഓഫ് ഇന്ത്യ ഡൽഹിയിലെ ജിഎസ്ടി ആസ്ഥാനത്തു ധർണ നടത്തും.
കരാർ പണികളുടെ നിർവചനം ഭേദഗതി ചെയ്യുക, റിട്ടേണുകളുടെ കാലപരിധി വർധിപ്പിക്കുക, നിർമാണ വസ്തുക്കളുടെ നികുതി കുറയ്ക്കുക, പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തി നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അറുപതോളം സംഘടനകൾ ഉന്നയിക്കുന്നതെന്നു കെജിസിഎ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവർക്കു നിവേദനം സമർപ്പിക്കും. രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി നവംബർ ഒന്നിനു രാജ്ഭവനിലേക്ക് മാർച്ച് നടത്തും.
നവംബർ ഒൻപത്, പത്ത് തീയതികളിൽ ഗോഹട്ടിയിൽ ചേരുന്ന ജിഎസ്ടി കൗണ്‍സിൽ തൃപ്തികരമായ തീരുമാനം എടുത്തില്ലെങ്കിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ കരാറുകാർ ടെൻഡർ ബഹിഷ്കരണത്തിലേക്കും സമരത്തിലേക്കും കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺട്രാക്ടർമാർ ഡൽഹിയിൽ ധർണ നടത്തും
02:21 AM Oct 13, 2017 | Deepika.com