തിരുവനന്തപുരം: ഇടതു മുന്നണിയിലേക്ക് പുതിയ പാർട്ടികളെ എടുക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുന്നണിയിലേക്ക് പുതിയ കക്ഷികളെ എടുക്കുന്നതിനെ കുറിച്ച് ഇടതു മുന്നണി ആലോചിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ചിട്ടുമില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിനുള്ള അപേക്ഷ കിട്ടിയിട്ടില്ല. കിട്ടുന്പോൾ അതിനെ കുറിച്ച് പ്രതികരിക്കാം. കേരള കോണ്‍ഗ്രസ് പിറന്നു വീണതു തന്നെ തിരുനക്കരയാണെന്നും ഹാസ്യരൂപേണ കാനം പറഞ്ഞു.
ബിഡിജഐസ് മുന്നണിയിലേക്കു വരുന്നതു സംബന്ധിച്ച സിപിഐയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ, ബിഡിജഐസ് അടക്കമുയർത്തിയ രാഷ്ട്രീയ നിലപാടുകളെ എതിർത്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ എത്തിയതെന്നും അവരെ ഇപ്പോൾ മുന്നണിയിലേക്കു ക്ഷണിക്കേണ്ട ഗതികേടില്ലെന്നുമായിരുന്നു മറുപടി.
പുതിയ പാർട്ടികളെ എടുക്കാൻ ഇടതുമുന്നണി അപേക്ഷ ക്ഷണിച്ചിട്ടില്ല: കാനം
12:15 AM Oct 08, 2017 | Deepika.com