തിരുവനന്തപുരം: ഇതേവരെ സർക്കാർ ഉദ്യോഗസ്ഥർ തിരിച്ചുനൽകിയത് 95,000 മുൻഗണനാ കാർഡുകൾ. ഇത്രയും കാർഡുകൾ അർഹതയുള്ളവർക്കു നൽകാനായി മുൻഗണനാ ലിസ്റ്റ് ഉടനെ പുനഃക്രമീകരിക്കും.
പഴയ ബിപിഎൽ ലിസ്റ്റായ മുൻഗണനാ വിഭാഗത്തിൽ ഇനിയും അനർഹർ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാലുചക്ര വാഹന ഉടമകളെ മുൻഗണനാ ലിസ്റ്റിൽനിന്നൊഴിവാക്കും. ഇതിനായി മോട്ടോർ വാഹന വകുപ്പിൽനിന്നു ലിസ്റ്റെടുത്തു പരിശോധന നടക്കുകയാണ്. അതേസമയം, സ്വന്തമായി ടാക്സി മാത്രമുള്ളവരെ മുൻഗണനാ ലിസ്റ്റിൽനിന്ന് ഒഴിവാക്കില്ല.സംസ്ഥാനത്ത് ആറായിരത്തോളം കാർഡുകൾ ഇനിയും കൊടുത്തു തീർക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽകൂടുതലും കാസർഗോഡ്, പാലക്കാട് ജില്ലകളിലാണ്. സാങ്കേതിക പിഴവ്, ഫോട്ടോയിലെ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ മാറ്റി നൽകേണ്ട കാർഡുകളുമുണ്ട്.
സംസ്ഥാനത്ത് 80 ലക്ഷത്തിലേറെ കാർഡാണു നൽകാനുള്ളത്. ഇതിൽ 5,95,800 കാർഡുകളിലായി 25,57,214 പേർക്ക് അന്ത്യോദയ പദ്ധതിയിൽ പൂർണമായും സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കും. 29,06,709 കാർഡുകളിലായി 1,29,22,826 പേർക്ക് മുൻഗണനാ വിഭാഗത്തിൽ ഭക്ഷ്യധാന്യം ലഭിക്കും. കാർഡ് വിതരണം അടുത്ത മാസം അവസാനത്തോടെ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ തിരിച്ചു നൽകിയത് 95,000 റേഷൻ കാർഡ്
12:15 AM Oct 08, 2017 | Deepika.com