കൊച്ചി: സൈബർ ലോകത്ത് കണ്ടുമുട്ടുന്ന കാര്യങ്ങളിൽ 90 ശതമാനവും വ്യാജമാണെന്നും കുട്ടികളെ ആ കെണികളിൽനിന്നു രക്ഷിക്കാൻ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും എഡിജിപി കെ.പത്മകുമാർ.
കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോപ്ലക്സസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിബിഎസ്ഇ പ്രിൻസിപ്പൽസ് പത്താമതു കോണ്‍ഫറൻസിൽ സൈബർ സുരക്ഷയും പോസ്കോയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വാഹനത്തിരക്കുള്ള റോഡിലേക്ക് കുട്ടികളെ ഇറക്കിവിടുന്പോൾ സ്വീകരിക്കുന്ന ജാഗ്രതയേക്കാൾ കൂടുതൽ ജാഗ്രത സൈബർ ലോകത്തിലേക്ക് കുട്ടികളെ സ്വാതന്ത്രമായി മേയാൻ വിടുന്പോൾ ശ്രദ്ധിക്കണം. വിലാസവും പാസ് വേഡും ഫോട്ടോയും അന്യർക്ക് ലഭ്യമാകാതിരിക്കാൻ ബോധവത്കരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. മോനിഷ പ്രിയം, അമേരിക്കയിലെ ഗ്ലോബൽ അക്കാദമി ഫോറം ഡയറക്ടർ റബേക്ക ജെ. ഡാൽ, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് എന്നിവർ ക്ലാസുകൾ എടുത്തു. സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ജഗന്നാഥൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.എ. ഫ്രാൻസിസ്, ഫാ.സിജൻ ഊന്നുകല്ലേൽ, ബെന്നി ജോർജ്, ഫെഡറിക് ഇയോണ്‍ എന്നിവർ പ്രസംഗിച്ചു.
സൈബർ ലോകത്ത് 90 ശതമാനവും വ്യാജം: എഡിജിപി പത്മകുമാർ
12:15 AM Oct 08, 2017 | Deepika.com