കൊച്ചി: കാരുണ്യത്തിന്റെ മനോഭാവത്തോടെ അപരനിലേക്കു മനസ് തുറക്കാനും നിസ്വാർഥമായ സാമൂഹ്യസൃഷ്ടിയിൽ പങ്കാളികളാകാനും നമുക്കു കഴിയണമെന്നു സിസിബിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. വ്യത്യസ്തമായ സംസ്കാരങ്ങളെയും മതങ്ങളെയും ഉൾക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മിഷൻകോണ്‍ഗ്രസും ബിസിസി കണ്‍വൻഷനും വല്ലാർപാടം മരിയൻ തീർഥാടനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.
ആത്മഗതങ്ങളിൽനിന്നു സംഭാഷണങ്ങളിലേക്കു സ്വയം മാറുന്നവരാകുകയെന്നതാണു നമുക്കു മുന്നിലുള്ള വെല്ലുവിളി. മറ്റുള്ളവരെ മനസിലാക്കാനും മറ്റു സംസ്കാരങ്ങളെ അഭിനന്ദിക്കാനും അതുവഴി സാധിക്കും. എല്ലാവരും സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന ബോധ്യത്തിലേക്കു നാം വരേണ്ടതുണ്ട്.
പാവപ്പെട്ടവരിലേക്കും ദുരിതമനുഭവിക്കുന്നവരിലേക്കും കടന്നുചെല്ലണമെന്നാണു ഫ്രാൻസിസ് പാപ്പാ തുടർച്ചയായി നമ്മോട് ആവശ്യപ്പെടുന്നത്. സുവിശേഷ പ്രഘോഷണം മെത്രാന്മാരുടെയും പുരോഹിതരുടെയും മാത്രം ചുമതലയല്ല. മാമ്മോദീസ സ്വീകരിച്ച സർവരും സുവിശേഷം പ്രഘോഷിക്കാൻ കടപ്പെട്ടവരാണ്. - കർദിനാൾ ഡോ. ഗ്രേഷ്യസ് പറഞ്ഞു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ.ജാംബത്തിസ്ത ദിക്വാത്രോ മിഷൻ കോണ്‍ഗ്രസിലെ എക്സിബിഷൻ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും നടത്തി. ക്രിസ്തുവിനെ പ്രഘോഷിക്കുവർക്കു സന്തോഷവും ധൈര്യവും പ്രതീക്ഷയും ചിലപ്പോൾ അന്യമാകും. തിന്മയുടെ ഇരുട്ടിൽനിന്നു മോചനം നേടാനും നന്മയുടെ പാതയിലേക്കു നയിക്കാനും ദൈവത്തിന്റെ സ്നേഹശക്തിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യതിന്മകൾക്കെതിരേ ശക്തമായി പ്രതികരിക്കാനും തിരുത്തലിന്റെ ശബ്ദമാകാനും മിഷൻ കോണ്‍ഗ്രസ് സഹായകമാകുമെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. സഹോദരസഭകളുടെ സഹകരണത്തിലൂടെയാണു നാം മുന്നോട്ടുപോകേണ്ടത്. കൂട്ടായ്മയിലൂന്നിയ പ്രവർത്തന സംസ്കാരം കൂടുതൽ പരിശീലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ മേധാവി കർദിനാൾ ഡോ. ഫെർണാണ്ടോ ഫിലോനിയുടെ സന്ദേശം കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വായിച്ചു. തിരുസംഘത്തിന്റെ അഡ്ജംഗ്റ്റ് സെക്രട്ടറി ആർച്ച്ബിഷപ് ഡോ. പ്രൊട്ടാസെ ദുഗുംബോ, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ എന്നിവർ പ്രസംഗിച്ചു.
വിശിഷ്ടാതിഥികളെ വല്ലാർപാടം ബസിലിക്ക കവാടത്തിൽനിന്നു വേദിയിലേക്ക് ആനയിച്ചശേഷം സുൽത്താൻപേട്ട് രൂപതാ ബിഷപ് ഡോ. പീറ്റർ അബീർ അന്തോണിസാമിയുടെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയും കെആർഎൽസിബിസി അല്മായ കമ്മീഷൻ സെക്രട്ടറി ഫാ. വില്യം രാജൻ നയിച്ച പ്രാർഥനാശുശ്രൂഷയും ഉണ്ടായിരുന്നു.
സെന്റ് തെരേസാസ് കോളജ് ടീം കണ്‍വൻഷന്റെ തീം സോംഗ് അവതരിപ്പിച്ചു. വിവിധ സെഷനുകളിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ഡോ.ചാൾസ് ഡയസ്, ഷെൽട്ടൻ പിൻഹീറോ, സിടിസി സുപ്പീരിയർ ജനറൽ സിസ്റ്റർ ലൈസ, ഷെവലിയർമാരായ പ്രഫ.ഏബ്രഹാം അറയ്ക്കൽ, ഡോ. പ്രീമൂസ് പെരിഞ്ചേരി, ഡോ.എ.എ. ഹെൻട്രി, ഡോ.ടോണി ഫെർണാണ്ടസ്, കെ.വി തോമസ് എംപി, എംഎൽഎമാരായ എസ്. ശർമ, ഹൈബി ഈഡൻ, എ. വിൻസെന്റ് എന്നിവരും പങ്കെടുത്തു.
പൊന്തിഫിക്കൽ ദിവ്യബലിയിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമധ്യേ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിലിനെ വത്തിക്കാൻ സ്ഥാനപതി പാലിയം അണിയിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൃതജ്ഞത പറഞ്ഞു.
പങ്കാളിത്തസഭ സുവിശേഷപ്രഘോഷണത്തിനും സാക്ഷ്യത്തിനും എന്ന പ്രമേയത്തെ ആധാരമാക്കി നടക്കുന്ന മിഷൻ കോണ്‍ഗ്രസിൽ മുപ്പതോളം മെത്രാന്മാരും കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നു 3,500 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
കാരുണ്യത്തോടെ അപരനിലേക്കു മനസ് തുറക്കണം: കർദിനാൾ ഡോ. ഗ്രേഷ്യസ്
01:12 AM Oct 07, 2017 | Deepika.com