തിരുവനന്തപുരം: മദ്യനയം സർക്കാർ പുനഃപരിശോധിക്കണമെന്നു സിബിസിഐ അധ്യക്ഷനും മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സെക്രട്ടേറിയറ്റിനു മുന്നിൽ മദ്യനയത്തിനെതിരേ ആധ്യാത്മിക സാമൂഹിക, സാംസ്കാരിക നായകരുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റിനു മുന്നിൽ സൂചനാ സമരവുമായിവന്നതിനെ സർക്കാർ തിരിച്ചറിയണം. സമൂഹത്തെ മദ്യത്തിൽ മുക്കി പുറകോട്ടടിക്കുന്നതിനെതിരേയാണു സമരം നടക്കുന്നത്. ഇതു ധർമസമരമാണ്. മദ്യനയം പുനഃപരിശോധിക്കില്ലെന്നു പറയുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ജനങ്ങളുടെ ഭാവിയേയും ജനങ്ങളുടെ ആരോഗ്യത്തേയും കരുതി സർക്കാർ മദ്യനയം പുനഃപരിശോധിച്ചേ മതിയാകൂവെന്നും കർദിനാൾ പറഞ്ഞു.
ഏതുവിധത്തിലും മദ്യലോബികളെ സഹായിക്കുന്നതിനുള്ള ത്വരയാണ് സർക്കാരിനുള്ളതെന്ന് കെസിബിസി അധ്യക്ഷനും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യം പറഞ്ഞു. ഭൂരിപക്ഷം ഉപയോഗിച്ച് സർക്കാർ തീരുമാനങ്ങൾ അടിച്ചേല്പിക്കുകയാണ്. അതിനോടു കൂട്ടുനിൽക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പുവേളയിൽ നുണ പറയുന്നവരെ തിരിച്ചറിയാനാകുന്നില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു.സ്കൂളുകളുടെ മുറ്റത്ത് മദ്യശാല വേണ്ടെന്നും കുടുംബം തകർക്കുന്ന മദ്യത്തിനെതിരേ മുഴുവൻ അമ്മമാരുടേയും രോഷം ഉണ്ടാകുമെന്നും സമരം ഉദ്ഘാടനം ചെയ്ത സുഗതകുമാരി പറഞ്ഞു.പുതിയ മദ്യനയത്തിൽ സർക്കാർ ഹിത പരിശോധനയ്ക്കു തയാറുണ്ടോയെന്ന് വി.എം. സുധീരൻ സ്വാഗത പ്രസംഗത്തിൽ ചോദിച്ചു. കേരളത്തിൽ മദ്യം ഒഴുക്കാനുള്ള സർക്കാർ തീരുമാനം വഞ്ചനാപരമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
പാളയം ഇമാം സുഹൈദ് മൗലവി അധ്യക്ഷത വഹിച്ചു. മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ, ബിഷപ് ഡോ.ജോസഫ് മാർ ബർണബാസ്, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ്, ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി അശ്വതി തിരുനാൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ പെരേര, നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ്, വി.എസ്. ഹരീന്ദ്രനാഥ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ലെനിൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
മദ്യനയം സർക്കാർ പുനഃപരിശോധിക്കണം: മാർ ക്ലീമിസ് ബാവ
01:57 AM Sep 27, 2017 | Deepika.com