കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനതലത്തിൽ നടത്തുന്ന ‘ക്ലീൻ ഹോം ക്ലീൻ സിറ്റി’പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും. പ്രവർത്തകരുടെ ഭവനങ്ങളും പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളും കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിനു ശുചിയാക്കും.രൂപത, ഫൊറോന, ശാഖാ തലങ്ങളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങളുണ്ടാകും.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ മാലിന്യങ്ങളും പകർച്ചരോഗങ്ങളും അതിജീവിക്കാൻ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി തീരുമാനിച്ചു. പ്രസിഡന്റ് വി.വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു പറയന്നിലം വിഷയാവതരണം നടത്തി. ഡയറക്ടർ ഫാ. ജിയോ കടവി, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, സാജു അലക്സ്, ടോണി പുഞ്ചക്കുന്നേൽ, സ്റ്റീഫൻ ജോർജ്, ഡേവീസ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞവർഷം ഗാന്ധിജയന്തി ദിനത്തിലാണു ക്ലീൻ ഹോം ക്ലീൻ സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്.
കത്തോലിക്കാ കോണ്‍ഗ്രസ് ‘ക്ലീൻ ഹോം ക്ലീൻ സിറ്റി’പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
01:48 AM Sep 27, 2017 | Deepika.com