കോട്ടയം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ 59-ാം സംസ്ഥാന സമ്മേളനം കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനംചെയ്തു. പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ സാമൂഹികസേവന പദ്ധതികൾ അഭിനന്ദനാർഹമാണെന്നു മന്ത്രി പറഞ്ഞു.അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹവീട് നൽകിയവർക്കുളള അവാർഡുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ വിതരണംചെയ്തു. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അകത്തുനിന്നുകൊണ്ടു സന്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനം നടത്താൻ അസോസിയേഷനു കഴിയണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷതവഹിച്ചു. ജോയി ഏബ്രഹാം എംപി, കെ. സുരേഷ്കുറുപ്പ് എംഎൽഎ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൻ ഡോ.പി.ആർ. സോന, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരി, എകെപിബിഎ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.ജെ. ജോസഫ് ചോതിരക്കുന്നേൽ, വർക്കിംഗ് പ്രസിഡന്റ് കെ.കെ. ഗോപു, ട്രഷറർ ടി.എസ്. ജോർജ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജയചന്ദ്രൻ മറ്റപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
നിർധനരായ കോളജ് വിദ്യാർഥികൾക്കുള്ള കാഷ് അവാർഡുകൾ, വിവിധ ജില്ലാ താലൂക്ക് കമ്മിറ്റികൾക്കുള്ള അവാർഡുകൾ എന്നിവ സമ്മേളനത്തിൽ വിതരണംചെയ്തു. സമ്മേളനത്തിനു മുന്നോടിയായി രാവിലെ സംസ്ഥാന പ്രസിഡന്റ് സി.ജെ. ജോസഫ് ചോതിരക്കുന്നേൽ പതാക ഉയർത്തി. തുടർന്ന് ബിസിനസ് മീറ്റിംഗ് നടന്നു. ബിസിനസ് മീറ്റിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഹരിദാസൻ, ഡിവിഷണൽ മാനേജർ കെ.കെ. അപ്പു എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എ. ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.എസ്. ജോർജ് വരവു ചെലവു കണക്കും അവതരിപ്പിച്ചു.
ലീഗൽ അഡ്വൈസർ ജോണ് നീലൻകാവിൽ പൊതുചർച്ച നയിച്ചു. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്കിൽ നിർമിക്കുന്ന അഞ്ചാമത്തെ വീടിന്റെ താക്കോൽദാന കർമവും സമ്മേളനത്തിൽ നിർവഹിച്ചു.
എകെപിബിഎയുടെ സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: എം.എം.മണി
01:09 AM Sep 25, 2017 | Deepika.com