കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ പുതിയ ചിത്രം രാമലീലയ്ക്കു പിന്തുണയുമായി മുൻഭാര്യയും നടിയുമായ മഞ്ജു വാര്യർ.
വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടതു സിനിമയോടല്ലെന്നും ഒരു സിനിമയും ഒരാളുടേതു മാത്രമല്ല, ഒരുപാടുപേരുടെയാണെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
രാമലീല പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ തകർക്കുമെന്ന ആക്രോശങ്ങൾവരെയുണ്ടായതു ദൗർഭാഗ്യകരമാണ്. സിനിമയെ തിയറ്ററുകളിൽനിന്ന് അകറ്റിയാൽ ഈ വ്യവസായത്തിൽ നിക്ഷേപം നടത്താൻ നിർമാതാക്കളുണ്ടാകില്ല.
അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിക്കരുത്. അരുണ്‍ ഗോപി എന്ന സംവിധായകന്റെ ആദ്യ ചിത്രമാണു രാമലീല. അതു പ്രേക്ഷകൻ കാണണമെന്ന് ആഗ്രഹിക്കാനുള്ള അവകാശം അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാമുണ്ട്.
അതിനെ നിഷേധിക്കാൻ ആർക്കും അവകാശമില്ല. നിഷേധിച്ചാൽ അതു സിനിമയോടു ചെയ്യുന്ന അനീതിയാണ്. രാമലീല പ്രേക്ഷകർ കാണട്ടെ... കാഴ്ചയുടെ നീതി പുലരട്ടെ... മഞ്ജു തന്റെ കുറിപ്പിൽ പറയുന്നു. ദിലീപ് അറസ്റ്റിലായശേഷം പലതവണ മാറ്റിവച്ച രാമലീലയുടെ റിലീസ് 28നു നടക്കാനിരിക്കെയാണു മഞ്ജുവിന്റെ പ്രതികരണം.
രാമലീല സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്നു ചലച്ചിത്ര അക്കാഡമി എക്സിക്യൂട്ടിവ് അംഗം ജി.പി. രാമചന്ദ്രൻ ആഹ്വാനം നൽകിയെന്നു ചൂണ്ടിക്കാട്ടി നിർമാതാവ് ടോമിച്ചൻ മുളകുപാടം പരാതി നൽകിയിരുന്നു. രാമലീലയ്ക്കൊപ്പം മഞ്ജു വാര്യർ നായികയായി എത്തുന്ന ഉദാഹരണം സുജാത എന്ന ചിത്രവും 28നു പ്രദർശനത്തിനെത്തും.
‘രാമലീല’യ്ക്കു പിന്തുണയുമായി മഞ്ജു വാര്യർ
12:52 AM Sep 24, 2017 | Deepika.com