ചപ്പാരപ്പടവ് (കണ്ണൂർ): ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ ശക്തമാകുന്ന ഭൂട്ടാനിൽ ജനകീയാസൂത്രണ പദ്ധതിക്ക് ഇനി നേതൃത്വം നൽകുന്നത് ഡോ. പി.പി. ബാലൻ. കേരളത്തിൽ നടപ്പിലാക്കിയ ജനകീയാസൂത്രണ പാഠങ്ങളുമായാണ് കില മുൻ ഡയറക്ടർ കൂടിയായ ഡോ. പി.പി. ബാലൻ ഭൂട്ടാനിൽ എത്തിയത്. ഭൂട്ടാനിലെ തദ്ദേശഭരണ സംവിധാനത്തിന്റെ ഓണററി ഡയറക്ടറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സമ്മതപത്രവും കഴിഞ്ഞദിവസം തിംഫുവിൽ നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി ദാവഗ്യലിസ്താൻ അദ്ദേഹത്തിനു കൈമാറി.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡോ.പി.പി. ബാലൻ രണ്ട് യുഡിഎഫ് സർക്കാരുടെ കാലത്ത് കില ഡയറക്ടറായിരുന്നു. ഈ ഭരണകാലത്തും ഒരു വർഷക്കാലം കില ഡയറക്ടറായി തുടർന്ന അദ്ദേഹം ഇപ്പോൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അംഗമാണ്. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ ജനകീയ പദ്ധതികൾ നേരിട്ടു കണ്ട് മനസിലാക്കാൻ നിരവധി വിദേശരാജ്യങ്ങളിൽനിന്നു പ്രതിനിധികൾ എത്തിയിരുന്നു.
ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ കൂവേരിക്കടവ് തൂക്കുപാലം, പന്ത്രണ്ടാംചാൽ പക്ഷിസങ്കേതം, കൂവേരി തടയണ എന്നിവയൊക്കെ ഇന്നും ജനമനസിൽ നിറഞ്ഞുനിൽക്കുന്നവയാണ്. മാടായി സഹകരണ കോളജ് ചരിത്രാധ്യാപകനും കൂടിയായിരുന്നു ഇദ്ദേഹം. ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന ആസൂത്രണ ശൈലിയാണ് ഭൂട്ടാനിൽ ആവിഷ്കരിക്കുന്നതെന്നും രാജാവ് ജനാധിപത്യ സംവിധാനത്തിൽ ഇടപെടാറില്ലെന്നത് പ്രത്യേകതയാണെന്നും ഡോ. പി.പി. ബാലൻ പറഞ്ഞു.
തൃശൂരിലെ കില നിരവധി തവണ സന്ദർശിച്ച ഭൂട്ടാൻ വിദഗ്ധ സംഘത്തിന്റെ താത്പര്യപ്രകാരമാണ് അദ്ദേഹം ചുമതലയേറ്റത്. കേരളത്തിനു സമാനമായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സംവിധാനമാണ് ഭൂട്ടാനിലുമുള്ളത്. 900 ഗ്രാമപഞ്ചായത്തുകൾ ഭൂട്ടാനിലുണ്ട്. എന്നാൽ ഇവിടെയുള്ളതുപോലെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗമാണ് പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ വിപുലമായ ഭരണസമിതികളുണ്ട് . അടുത്ത ജൂണിൽ ആരംഭിക്കുന്ന 12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഈ തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയാസൂത്രണം നടപ്പിലാക്കാനാണ് ഭൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
ഭൂട്ടാനിലെ ജനകീയാസൂത്രണം ഡോ.പി.പി. ബാലൻ നയിക്കും
12:31 AM Sep 24, 2017 | Deepika.com