കൊച്ചി : എയ്ഡഡ് സ്കൂൾ അധ്യാപകരുടെ പെൻഷൻ ആനുകൂല്യങ്ങൾക്കായി സർവീസ് കാലയളവു പരിഗണിക്കുന്പോൾ ലീവ് വേക്കൻസിയിലും മറ്റുമായി താലത്കാലിക സേവനമനുഷ്ഠിച്ചതു പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ ഉത്തരവിനെതിരേ അധ്യാപകരും പ്രൈവറ്റ് സ്കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷനും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
ഹർജിക്കാരിലേറെയും ലീവ് വേക്കൻസിയിൽ താത്കാലിക ജോലി നോക്കിയശേഷം സർവീസിൽ സ്ഥിരമായവരാണെന്നും ലീവ് വേക്കൻസിയിലെ സേവനം റെഗുലർ സർവീസല്ലെന്നതിനാൽ പെൻഷനു പരിഗണിക്കാൻ പറ്റില്ലെന്നും ഹർജി പരിഗണിക്കവെ, സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹർജിക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മൂന്നു മാസത്തിനുള്ളിൽ പുനർനിർണയിക്കണമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. മാത്രമല്ല, സർക്കാരിന്റെ ഉത്തരവിന് മുൻകാലപ്രാബല്യം നൽകാനാവില്ലെന്നും വ്യക്തമാക്കി. നിയമവും ചട്ടവും മറികടക്കാൻ ഭരണപരമായ ഉത്തരവിലൂടെ കഴിയില്ല. ഭരണപരമായ ഉത്തരവുകൾക്ക് മുൻകാലപ്രാബല്യം നൽകാനാവില്ലെന്നത് അംഗീകരിക്കപ്പെട്ട നിയമതത്വമാണെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലീവ് വേക്കൻസിയിലും മറ്റുമായി താത്കാലിക സർവീസ് അനുഷ്ഠിച്ച കാലയളവ് (ബ്രോക്കണ്‍ സർവീസ്) പെൻഷനു പരിഗണിക്കില്ലെന്നും ഈ തീരുമാനത്തിന് മുൻകാലപ്രാബല്യമുണ്ടെന്നും വ്യക്തമാക്കി 2016 മേയ് ഒന്‍പതിനും ഓഗസ്റ്റ് അഞ്ചിനുമായി സർക്കാർ രണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെയാണ് അധ്യാപകർ ചോദ്യം ചെയ്തത്.
അധ്യാപക പെൻഷൻ : സർവീസ് കാലയളവിൽ ലീവ് വേക്കൻസിയും പരിഗണിക്കും
01:19 AM Sep 23, 2017 | Deepika.com