കൊച്ചി: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെൽത്ത് കണ്‍വൻഷനും 74-ാം വാർഷിക ജനറൽ ബോഡി യോഗവും കൊച്ചി കാക്കനാട് രാജഗിരി വിദ്യാപീഠത്തിൽ ഇന്ന് ആരംഭിക്കും. രാവിലെ ഒന്പതിനു വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വിൻചെൻസൊ പാല്യ ഉദ്ഘാടനം ചെയ്യും. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞെരളക്കാട്ട്, ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡോ. പ്രകാശ് മല്ലവരപ്പ്, ഡോ. അലക്സ് വടക്കുംതല തുടങ്ങിയവരും കണ്‍വൻഷനിൽ പങ്കെടുക്കും.
റിസോഴ്സ് -ഐഡന്റിഫൈ, ഹാർമണൈസ്, ഒപ്റ്റിമൈസ് എന്നതാണു കണ്‍വൻഷന്റെ പ്രമേയം. മുഖ്യപ്രമേയത്തിലുള്ള സെഷനുകൾക്കു പുറമേ, അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചർച്ചകളും സമ്മേളനങ്ങളും ഉണ്ടാകും.
ആതുരശുശ്രൂഷാ സ്ഥാപനങ്ങളിലെ വിവിധ മേഖലകളിൽ വിശിഷ്ട സേവനം ചെയ്യുന്നവരെ ഇന്നു വൈകുന്നേരം നടക്കുന്ന അവാർഡ് നൈറ്റിൽ ആദരിക്കും. സമർപ്പിതരിൽ നിന്നുള്ള ഡോക്ടർ, നഴ്സ്, സോഷ്യൽ വർക്കർ, മറ്റു ജീവനക്കാർ എന്നീ വിഭാഗങ്ങളിലാണു പുരസ്കാരം നൽകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന കണ്വൻഷൻ നാളെ വൈകുന്നേരം സമാപിക്കും.
ചായ് ദേശീയ കണ്വൻഷന് ഇന്നു തുടക്കം
12:38 AM Sep 23, 2017 | Deepika.com