കോട്ടയം: ഭീകരരുടെ പിടിയിൽനിന്ന് മോചിതനായി റോമിലെ സലേഷ്യൻ ജനറലേറ്റിൽ വിശ്രമിക്കുന്ന ഫാ. ടോം ഉഴുന്നാലിൽ വിരമിച്ച മാർപാപ്പ ബനഡിക്ട് പതിനാറാമനെ ഇന്നു സന്ദർശിക്കും. ഒന്നര വർഷം തീവ്രവാദികൾ ബന്ദിയാക്കിയ സലേഷ്യൻ മിഷനറി ഫാ. ടോമിനെ കാണാനും സംസാരിക്കാനും അദ്ദേഹം താത്പര്യപ്പെട്ടതനുസരിച്ചാണു റോമിലെ മാർക്കസ് എക്ളിസിയെ ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുന്ന ബനഡിക്ട് പതിനാറാമനെ സന്ദർശിക്കുന്നത്. സലേഷ്യൻ സഭാധികാരികളും ഫാ.ടോം ഉഴുന്നാലിലിനൊപ്പമുണ്ടാകും. ബംഗളൂരുവിൽ താമസിക്കുന്ന ജ്യേഷ്ഠൻ മാത്യു ഉഴുന്നാലിലുമായി ഇന്നലെ ഫാ. ടോം ഫോണിൽ സംസാരിച്ചു.
പാസ്പോർട്ട് ഉടൻ
ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ സലേഷ്യൻ ആസ്ഥാനത്തെത്തി ഫാ. ടോമിന് ഇന്ത്യൻ പാസ്പോർട്ട് തയാറാക്കുന്ന നടപടി പൂർത്തിയാക്കിയിട്ടുണ്ട്. ഫാ. ടോം 27ന് പുറപ്പെട്ട് 28ന് രാവിലെ എട്ടിനു ഡൽഹിയിലെത്തും. തുടർന്ന് ഒക്ലയിലെ സലേഷ്യൻ പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉൾപ്പെടെയുള്ളവരോട് അദ്ദേഹം നന്ദി അറിയിക്കും.
29നു രാവിലെ ഒൻപതിനു ബംഗളൂരുവിൽ സലേഷ്യൻ പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും. അവിടെ ഏതാനും ദിവസം തങ്ങിയതിനു ശേഷം കൊച്ചിയിലെത്തി വടുതലയിലെ സലേഷ്യൻ കേന്ദ്രത്തിൽ വിശ്രമിക്കും. തുടർന്നു പാലാ രാമപുരത്തെ കുടുംബവസതിയിലെത്തുമെന്നു സലേഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
ഫാ. ടോമിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ഇറ്റലിയിലുള്ള അദ്ദേഹത്തിന്റെ പിതൃസഹോദരീപുത്രി തൊടുപുഴ സ്വദേശി ഡോ.റോസമ്മ പള്ളിക്കുന്നേൽ ദീപികയോടു പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഡോ. റോസമ്മ റോമിലെത്തി ഫാ.ടോമുമായി ദീർഘമായി സംസാരിച്ചിരുന്നു. പ്രമേഹവും പ്രഷറും നിയന്ത്രിക്കാനായിട്ടുണ്ട്. നാട്ടിലെത്തി ബന്ധുക്കളെയും സഭാധികാരികളെയും കാണാൻ അച്ചൻ ഏറെ ആഗ്രഹിക്കുന്നതായി റോസമ്മ പറഞ്ഞു.
റെജി ജോസഫ്
ഫാ. ടോം വ്യാഴാഴ്ച ഡൽഹിയിലെത്തും
01:19 AM Sep 22, 2017 | Deepika.com