തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ അധ്യാപക- അനധ്യാപക നിയമനത്തിൽ ശാരീരികമായ വെല്ലുവിളികൾ നേരിടുന്നവർക്കു മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതു സംബന്ധിച്ചു കേരള വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കരടു ബിൽ അംഗീകരിച്ചു. സർക്കാർ സ്കൂളുകളിലെ അധ്യാപക- അനധ്യാപക തസ്തികകളിലേക്കു പിഎസ്സി നടത്തുന്ന നിയമനങ്ങളിൽ ഇപ്പോൾ ഭിന്നശേഷിക്കാർക്കു മൂന്നു ശതമാനം സംവരണമുണ്ട്. 2008 മുതൽ എല്ലാ സർക്കാർ വകുപ്പുകളിലും ഈ വിഭാഗക്കാർക്ക് 3 ശതമാനം സംവരണം നടപ്പാക്കിയിരുന്നു.
ഭിന്നശേഷിക്കാർക്ക് അനുയോജ്യമാണെന്നു സർക്കാർ കണ്ടെത്തി നൽകുന്ന ഒഴിവുകളിലാണു പിഎസ്സി നിയമനം നടത്തുന്നത്. ഇതനുസരിച്ച് 2003- 07 കാലഘട്ടത്തിൽ ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട കുടിശിക ഒഴിവുകൾ, സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ പിന്നീടു നികത്തിയിരുന്നു.
എയ്ഡഡ് സ്കൂൾ നിയമനം: ഭിന്നശേഷിക്കാർക്കു മൂന്നു ശതമാനം സംവരണം
12:27 AM Sep 21, 2017 | Deepika.com