തിരുവനന്തപുരം: സംസ്ഥാനത്തെ മൊബൈൽ ഫോണ്‍ ഷോപ്പുകൾക്കും ടെക്നീഷ്യന്മാർക്കും വേണ്ടിയുള്ള പുതിയ ഓണ്‍ലൈൻ വെബ് ആപ്ലിക്കേഷൻ ‘ഐഫോർ മൊബ് ’ നിലവിൽവന്നു. കേരളത്തിൽ നിന്നും നഷ്ടപ്പെടുന്ന മൊബൈൽഫോണുകൾ ഐഎംഇഐ നമ്പർ മുഖേന തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും സഹായകമാണ് സൈബർ ഡോം ആവിഷ്കരിച്ച ഈ പുതിയ വെബ് ആപ്ലിക്കേഷൻ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞു.
ഐഫോർ മൊബിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ മൊബൈൽ ഫോണ്‍ ടെക്നീഷ്യന്മാരേയും സൈബർ ഡോമിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് അടിയന്തരഘട്ടങ്ങളിൽ കേസന്വേഷണങ്ങൾക്കും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്നതാണ് ഈ പുതിയ വെബ് പോർട്ടലിലൂടെ കേരള പോലീസ് ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാനത്തു മോഷണം പോകുന്നതും കളവ് പോകുന്നതുമായ മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ പോലീസ് വെബ്പോർട്ടലിൽ ഉൾപ്പെടുത്തും.
ഇത്തരം ഫോണുകൾ അണ്‍ലോക്ക് ചെയ്യാനോ നന്നാക്കാനോ ടെക്നീഷ്യന്മാരിലേക്കെത്തിയാൽ പോലീസിന് അവ പെട്ടെന്ന് കണ്ടെത്താൻ വെബ്പോർട്ടൽ സഹായകമാണ്.
ടെക്നീഷ്യന്മാരുടെ അസോസിയേഷനോട് തങ്ങളുടെ അംഗങ്ങളെയെല്ലാം വൈബ്പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോണ്‍ നന്നാക്കുന്ന സ്ഥാപനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് ലഭിക്കണമെങ്കിൽ പോലീസിന്റെ എതിർപ്പില്ലാ രേഖ ഹാജരാക്കണമെന്ന നിബന്ധന ഉൾപ്പെടുത്താൻ തദ്ദേശഭരണസ്ഥാപനങ്ങളോട് അഭ്യർഥിക്കുമെന്ന് സൈബർ ഡോം ചുമതലയുള്ള ഐജി മനോജ് എബ്രഹാം പറഞ്ഞു. അങ്ങനെ വന്നാൽ ടെക്നീഷ്യന്മാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാകും.
സൈബർ ഡോമിന്റെ പുതിയ വെബ്പോർട്ടൽ വഴി കേസന്വേഷണം വേഗത്തിലാക്കാനും പ്രതികളും മറ്റും രക്ഷപ്പെടുന്നത് തടയാനും സാധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
മൊബൈൽ ഫോണ്‍ ഷോപ്പുകൾക്കും ടെക്നീഷ്യന്മാർക്കും വേണ്ടി പോലീസിന്റെ ഓണ്‍ലൈൻ വെബ് ആപ്ലിക്കേഷൻ
02:21 AM Sep 20, 2017 | Deepika.com