തൊടുപുഴ: കരിമണ്ണൂരിൽ കോഫി ഷോപ്പ് ഉടമയായ വീട്ടമ്മയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമമെന്നു പരാതി. പണമിടപാടിനെച്ചൊല്ലി ടൗണിൽ ഓട്ടോ ഡ്രൈവറായ യുവാവാണു വീട്ടമ്മയെ കടയിൽ കയറി അപായപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് കേസെടുത്തത്. പെട്രോൾ ശരീരത്തു വീണ കരിമണ്ണൂർ ചക്കാലയ്ക്കൽ കുഞ്ഞുമോന്റെ ഭാര്യ റോസിലി (ശോസാമ്മ -59)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറുന്പാലമറ്റം സ്വദേശി നെൽസണെതിരേ കേസെടുത്തതായി കരിമണ്ണൂർ പോലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. വീട്ടമ്മ ഏജന്റായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ഇൻഷ്വറൻസ് പദ്ധതിയിൽ യുവാവ് പണമടച്ചിരുന്നു. ഈ വകയിൽ 15,000 രൂപ വീട്ടമ്മ ഇയാളിൽനിന്നു വാങ്ങി കന്പനിയിലടച്ചിരുന്നതായി പറയുന്നു. എന്നാൽ, മൂന്നു വർഷം മുൻപ് പ്രവർത്തനം അവസാനിപ്പിച്ച കന്പനിയുടെ പേരിൽ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഇടപാടുകാർക്കു പണം നൽകാൻ കഴിഞ്ഞിരുന്നില്ല. പണം ആവശ്യപ്പെട്ടു നെൽസൻ പലതവണ റോസിലിയെ സമീപിച്ചിരുന്നു.
വീട്ടമ്മയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമം; യുവാവിനെതിരേ കേസ്
01:53 AM Sep 20, 2017 | Deepika.com