മലപ്പുറം: കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എയ്ഡഡ് മേഖല വഹിച്ചിട്ടുള്ള പങ്ക് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്ത് പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാക്ഷര കേരളം അതിന്റെ സമ്പൂർണതയിൽ എത്തി നിൽക്കുമ്പോൾ ലക്ഷ്യം നിറവേറ്റുന്നതിൽ പ്രധാന പങ്കുവഹിക്കാൻ എയ്ഡഡ് സ്ഥാപനങ്ങൾക്കായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയും എയ്ഡഡ് മേഖലയും കൈകോർത്തു കൊണ്ടുള്ള പ്രവർത്തനമാണ് കേരളത്തിൽ കാണുന്നത്. മാറിവന്ന സർക്കാരുകൾ ഇതിനു പിന്തുണയും പ്രോത്സാഹനവും നൽകിയതും പ്രധാനഘടകമായി. പൊതുവിദ്യാഭ്യാസ രംഗത്തു നിലവാരത്തകർച്ചയുണ്ടായെന്ന് ഒരിക്കലും പറയാനാവില്ല. മതിയായ നിലവാരത്തിനൊപ്പം നമ്മൾ എത്താൻ ശ്രമിച്ചില്ല എന്നതാണ് കുറെക്കൂടി ശരിയെന്നും അദ്ദേഹം പറഞ്ഞു.
കെപിഎംഎസ്എ സംസ്ഥാന പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രിമാരായ പി.കെ അബ്ദുറബ്, നാലകത്ത് സൂപ്പി, പി. ഉബൈദുള്ള എംഎൽഎ, എ.പി. ഉണ്ണികൃഷ്ണൻ, ടി.കെ ഹംസ, കെ. ജനചന്ദ്രൻ, ആർ.എം പരമേശ്വരൻ, പാലേമാട് ഭാസ്കരൻപിള്ള, കാടാമ്പുഴ മൂസ തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാഭ്യാസത്തിൽ എയ്ഡഡ്മേഖല നിർണായകം : കുഞ്ഞാലിക്കുട്ടി
12:48 AM Sep 20, 2017 | Deepika.com